പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്ന പ്രിയപ്പെട്ടവരേ… ചോദ്യവും, വെല്ലുവിളിയുമായി ബിജെപി

പൗരത്വ ഭേദഗതി നിയമത്തിന് എതിരായി പ്രതിഷേധിക്കുന്നവരെ ഉപദേശരൂപേണ പരിഹസിച്ച് കര്‍ണ്ണാടക ബിജെപി യൂണിറ്റിന്റെ ട്വീറ്റ്. ഇന്ത്യന്‍ പൗരന്‍മാരെ ഈ നിയമം എങ്ങിനെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് അവരുടെ വെല്ലുവിളി.

‘സിഎഎയ്ക്ക് എതിരെ പ്രതിഷേധിക്കുന്ന പ്രിയപ്പെട്ട എതിരാളികളേ, ഈ മനുഷ്യത്വപരമായ നിയമം ബാധിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ പട്ടിക ഒന്ന് തരണം. കൂടാതെ എങ്ങിനെയാണ് ഇവരെ ഇത് ബാധിക്കുന്നതെന്നും രേഖപ്പെടുത്തണം. ഒരൊറ്റ പേര് പോലും നിങ്ങള്‍ക്ക് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് വെല്ലുവിളിക്കുന്നു’, കര്‍ണ്ണാടക ബിജെപി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ മൂന്ന് മുസ്ലീം അയല്‍രാജ്യങ്ങളില്‍ നിന്നുമെത്തിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഫാസ്റ്റ് ട്രാക്ക് സേവനത്തിലൂടെ പൗരത്വം അനുവദിക്കുന്നതാണ് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയമം പാസാക്കിയത് മുതല്‍ രാജ്യത്ത് സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രീയ പാര്‍ട്ടികളും, വിദ്യാര്‍ത്ഥി സംഘങ്ങളും, മറ്റ് ചില സംഘടനകളും തെരുവില്‍ ഇറങ്ങിയത്. വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ പട്ടികയില്‍ മുസ്ലീങ്ങളെ ഉള്‍പ്പെടുത്താതെ മതത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ഡല്‍ഹി ഷഹീന്‍ ബാഗിലാണ് പ്രധാന പ്രതിഷേധം അരങ്ങേറുന്നത്. നോര്‍ത്ത് ഈസ്റ്റ്, പശ്ചിമ ബംഗാള്‍, ചില തെന്നിന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ അക്രമാസക്തവുമായി. എന്നാല്‍ നിയമം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ എന്തിന് വേണ്ടിയാണെന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള പ്രചരണങ്ങളാണ് അവര്‍ സ്വീകരിച്ചത്.

Top