മുല്ലപ്പെരിയാര്‍ തുറക്കാന്‍ ക്ഷണിച്ചില്ല, ഞാനൊരു എംപിയല്ലേ; പരാതിയുമായി ഡീന്‍ കുര്യാക്കോസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിന് തന്നെ ക്ഷണിച്ചില്ലെന്ന് പരാതിയുമായി ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു അവലോകന യോഗത്തിലേക്കും തന്നെ ക്ഷണിക്കാത്തതില്‍ സ്ഥലം എം.പി എന്ന നിലയില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ അവിടെ പോകേണ്ട കാര്യമില്ല. എന്നാല്‍ ജനങ്ങളുടെ കാര്യം സംബന്ധിച്ച അവലോകനയോഗങ്ങളില്‍ ക്ഷണിച്ചിട്ടില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വ്യക്തിയാണ് താനെന്നും ഡീന്‍ പ്രതികരിച്ചു.

അതേസമയം ഡീന്‍ കുര്യാക്കോസിനെ മുല്ലപ്പെരിയാറിലേക്ക് പോകാന്‍ ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഫോണില്‍ താന്‍ തന്നെയാണ് ഡീന്‍ കുര്യാക്കോസിനെ നേരിട്ട് വിളിച്ചതെന്നും ഇതില്‍ അനാവശ്യ വിവാദങ്ങളുടെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം എം.പിയെ വിളിച്ചു. രാവിലെ റവന്യു മന്ത്രി കെ രാജന്‍ കൂടി എത്തിയ ശേഷം ഒരുമിച്ച് അവിടേക്ക് പോകാമെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ മുഴുവന്‍ താല്‍പര്യമുള്ള വിഷയമാണിതെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് നിയമസഭയില്‍ തീരുമാനിച്ച കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Top