അങ്കമാലി – ശബരി പദ്ധതിക്ക് അനുമതി തേടി ഡീൻ കുര്യാക്കോസ് റെയിൽവേ മന്ത്രിയെ കണ്ടു

​ദില്ലി: അങ്കമാലി – ശബരി റെയിൽവേ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി തേടി ഇടുക്കി എം പി . ഡീൻ കുര്യാക്കോസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി. വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. കേരളത്തിലെ ജനപ്രതിനിധികളുമായി കേന്ദ്രം ഉടൻ ചർച്ച നടത്തണമെന്ന് എംപി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി.

ഇക്കുറി കേന്ദ്രബജറ്റിൽ റെക്കോര്‍ഡ് തുകയാണ് റെയിൽവേയ്ക്ക് മാറ്റി വച്ചിരിക്കുന്നത്. വന്ദേഭാരത് അടക്കം ട്രെയിനുകളുടെ ആധുനീകരണവും, പാളങ്ങൾ ബലപ്പെടുത്തലും, പുതിയ പാതകൾ നിര്‍മ്മിക്കുന്നതും അടക്കം അടിസ്ഥാന സൗകര്യ വികസനത്തിൽ കാര്യമായ മുന്നേറ്റം ഇതോടെയുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൂട്ടത്തിൽ അങ്കമാലി – ശബരി പാതയും ആലപ്പുഴ – എറണാകുളം, തിരുവനന്തപുരം – നാഗര്‍കോവിൽ പാതിയിരട്ടിപ്പിക്കൽ പദ്ധതികളും പരിഗണിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് സംസ്ഥാനം.

 

Top