പെട്ടിമുടി ധനസഹായത്തിലും മുഖ്യമന്ത്രി വേര്‍തിരിവ് കാണിച്ചെന്ന് ഡീന്‍ കുര്യാക്കോസ്

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്താത്തതില്‍ വിമര്‍ശനവുമായി എം പി ഡീന്‍ കുര്യാക്കോസ്. ദുരന്തത്തില്‍ പ്രഖ്യാപിച്ച ധനസഹായത്തിലും മുഖ്യമന്ത്രി വേര്‍തിരിവ് കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടമുണ്ടായ സ്ഥലത്ത് ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനമന്ത്രിസഭയിലെ ഏതാണ്ട് മിക്ക മന്ത്രിമാരും സ്പീക്കറും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ മുഴുവന്‍ ആളുകളും സന്ദര്‍ശനം നടത്തുകയുണ്ടായി. കേന്ദ്രമന്ത്രിയും സന്ദര്‍ശനത്തിനെത്തിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ദുരന്തസമയത്ത് പെട്ടിമുടിയില്‍ 82 ആളുകള്‍ ഉണ്ടായിരുന്നു. 71 ആളുകളെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത്രയും ഭീകരമായ ഒരു ദുരന്തം ഈ നാട്ടില്‍ നടന്നതിന് ശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള സമീപനത്തില്‍ വ്യത്യാസം കാണുന്നതായും അദ്ദേഹം പറഞ്ഞു.

10 ലക്ഷം രൂപയാണ് മലപ്പുറത്ത് ധനസഹായം പ്രഖ്യാപിച്ചത്. പെട്ടിമുടിയില്‍ മരണമടഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രീയ വിവാദമുന്നയിക്കാനുള്ള സമയമല്ല എന്ന് ഉത്തമ ബോധ്യമുണ്ട്. കരിപ്പൂര്‍ അപകടത്തെ കുറച്ചുകാണുന്നില്ല. അവിടെ 10 ലക്ഷം പ്രഖ്യാപിച്ചെങ്കില്‍ ഇവിടെയും അങ്ങനെ ന്യായമായും ആര്‍ക്കും പ്രതീക്ഷിക്കാവുന്നതാണ്.

ഇടുക്കിയെ വേര്‍തിരിച്ച് കണ്ടതില്‍ ജനപ്രതിനിധിയെന്ന നിലയില്‍ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top