കാബൂള്‍ ഭീകരാക്രമണം: ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു

kabul

കാബൂള്‍: കാബൂളിലെ സദാറത്ത് ചത്വരത്തില്‍ ആംബുലന്‍സ് പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. പോലീസ് ചെക്ക് പോയിന്റിന് സമീപത്ത് വച്ച് ആംബുലന്‍സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികളും പ്രവര്‍ത്തിക്കുന്ന നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടുത്തെ പൊലീസ് ചെക്ക് പോസ്റ്റിലെത്തിയ വാഹനം പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. അതേസമയം ആക്രമണത്തെ അപലപിച്ച് ലോകനേതാക്കള്‍ മുന്നോട്ട് വന്നു. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഈഫല്‍ ടവര്‍ വെളിച്ചമണയ്ക്കുമെന്ന് പാരീസ് മേയര്‍ പ്രഖ്യാപിച്ചു.

ഒരാഴ്ച മുന്‍പ് ഇന്റര്‍ കോണ്ടനന്റല്‍ ഹോട്ടലില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ പരിചരിക്കാന്‍ ആശുപത്രിക്കളില്‍ മതിയായ സൗകര്യം ഇല്ലായിരുന്നു. മിക്കവരെയും നിലത്താണ് കിടത്തിയത്. ഇനിയും മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്നാണ് വിവരം.

തുടര്‍ച്ചയായ ആക്രമണത്തോടെ അഫ്ഘാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയെയും അദ്ദേഹത്തെ തുണയ്ക്കുന്ന അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സമ്മര്‍ദ്ദത്തിലായി. മേഖലയില്‍ താലിബാന്റെ ഭാഗമായ ഹഖാനി ശൃംഖലയെന്ന ഭീകരസംഘടനയെ അമര്‍ച്ച ചെയ്യാന്‍ കാലങ്ങളായി അമേരിക്ക ശ്രമിക്കുന്നുണ്ട്.

Top