തെലുങ്കാനയിലെ കര്‍ഷകരെ ആശങ്കയിലാഴ്ത്തി പട്ടാളപ്പുഴുക്കള്‍

ഹൈദ്രാബാദ്: കാര്‍ഷിക മേഖലയ്ക്ക് വന്‍തിരിച്ചടിയാകുന്ന പട്ടാളപ്പുഴുക്കളെ തെലുങ്കാനയിലെ വിവിധ ജില്ലകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ആഫ്രിക്കയുടെ വിവിധ പ്രദേശങ്ങളില്‍ വന്‍ കൃഷിനാശത്തിന് കാരണമായ വിഭാഗത്തില്‍ പെടുന്ന പട്ടാളപ്പുഴുക്കളെയാണ് കണ്ടെത്തിയത്.

കരിംനഗര്‍, കമാറെഡ്ഡി, ശങ്കറെഡ്ഡി, മെഡേക്ക്, ഗഡ്വാള്‍ എന്നീ ജില്ലകളിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് സംസ്ഥാന കൃഷി വകുപ്പ് സെക്രട്ടറി സി. പാര്‍ഥസാരത്ഥി അറിയിച്ചു. പുഴുക്കളുടെ സാമ്പിളുകള്‍ ബംഗ്‌ളൂരുവിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ചോളം ചെടികളിലാണ് നിലവില്‍ ഇവയെ കണ്ടെത്തിയിരിക്കുന്നത്. കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കര്‍ണ്ണാടകയിലാണ് ഈ പുഴുക്കളെ ആദ്യം കണ്ടെത്തുന്നത്. പിന്നീട് തമിഴ്‌നാട്ടിലും പട്ടാളപ്പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തി.

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കായി ആശ്രയിക്കുന്ന സംസ്ഥാനമാണ് തെലുങ്കാന. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ തെലുങ്കാനയിലെ കാര്‍ഷിക രംഗത്തെ മാറ്റങ്ങള്‍ ആശങ്കയോടെ കാണേണ്ടതാണ്.

Top