മൂന്നു ദിവസം മുമ്പ് കാണാതായ യുവാവ് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍

drown-death

കോട്ടയം: മൂന്നു ദിവസം മുമ്പ് കാണാതായ യുവാവ് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍. അതിരമ്പുഴ മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലില്‍ വീട്ടില്‍ കെ.ആര്‍. പ്രശാന്തിന്റെ (43) മൃതദേഹമാണ് ആര്‍പ്പൂക്കര കസ്തൂര്‍ബ ജങ്ഷനു സമീപത്ത് മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് യുവാവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശാന്താണെന്നു കണ്ടെത്തിയത്.

മൂന്നുദിവസം മുന്‍പാണ് പ്രശാന്തിനെ വീട്ടില്‍ നിന്നും കാണാതായത്. മുമ്പ് സമാന രീതിയില്‍ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പ്രശാന്ത് യാത്ര പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയില്‍ യാത്ര പോയതാണെന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ഇവര്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രശാന്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നു ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

Top