മരിച്ച പയ്യന്നൂര്‍ സ്വദേശിക്ക് കൊറോണ ബാധിച്ചിട്ടില്ല; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കൊച്ചി: മലേഷ്യയില്‍ നിന്നെത്തിയ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയവേ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന് കൊറോണ വൈറസ് ബാധിച്ചില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് രോഗ ബാധിതനായി മരിച്ചത്. കൊറോണ വൈറസാണെന്നായിരുന്നു ആദ്യത്തെ സംശയം. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നെടുത്ത സാമ്പിളുകള്‍ രണ്ട് തവണ പരിശോധിച്ചപ്പോഴും കൊറോണ ബാധയില്ലെന്ന് വ്യക്തമായി.

മരണ കാരണം വൈറല്‍ ന്യൂമോണിയയാണെന്ന് രണ്ടാം പരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ പരിശോധന ആലപ്പുഴയിലും രണ്ടാമത്തെ പരിശോധന പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് നടത്തിയത്. രണ്ടിലും ഫലം നെഗറ്റീവായിരുന്നു. മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27നാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്. അവശനായിരുന്നതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് യുവാവ് മരിച്ചത്.

ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പരിശോധനാഫലം വരുന്നതിന് മുന്‍പാണ് മരണം. നടക്കാന്‍ പോലും കഴിയാതെ ഗുരുതരാവസ്ഥയിലാണ് ഇദ്ദേഹം വിമാനത്താവളത്തിലെത്തിയത്. ആശുപത്രിയിലെത്തുമ്പോള്‍ പ്രമേഹം കൂടിയ നിലയിലായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top