വരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവം; വരന്റെ പിതാവിനെതിരെ കേസെടുത്തു

പറ്റ്‌ന: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ വിവാഹത്തിന് ശേഷം വരന്‍ കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ വരന്റെ പിതാവിനെതിരെ കേസെടുത്തു. അംബിക ചൗധരി എന്നയാള്‍ക്കെതിരെയാണ് പറ്റ്‌ന ജില്ലാ ഭരണകൂടം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പറ്റ്‌നയിലെ ദീഹ് പാലി ഗ്രാമത്തില്‍ ജൂണ്‍ 15നാണ് ഗുരുഗ്രാമില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന യുവാവ് വിവാഹിതനായത്. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അത് അവഗണിച്ച് വിവാഹം നടത്തുകയായിരുന്നു. 17ാം തീയതിയോടെ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകുകയും യുവാവ് മരണപ്പെടുകയും ചെയ്തു.

പിന്നീട് ചടങ്ങിനെത്തിയ 113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് അതിഥികള്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്.

പറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരന്റെ പിതാവ് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് മകന്റെ വിവാഹം നടത്തിയതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വരന്റെ പിതാവിനെതിരെ കൊലക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Top