തിരുനാവായയില്‍ യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: തിരുനാവായ കൊടക്കല്ലില്‍ യുവതിയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായ പാടത്തെ പീടിയക്കല്‍ ഷഫീഖിന്റെ ഭാര്യ ആബിദ (33) ,മകള്‍ ഷഫ്‌ന ഫാത്തിമ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇരുവരെയും കാണാതായത്. പുലര്‍ച്ചെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ വീട്ടുകാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ പറമ്പിലെ കിണറിനോട് ചേര്‍ന്ന് ഇവരുടെ ചെരിപ്പ് കണ്ടത്. തുടര്‍ന്ന് കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തിരൂരില്‍നിന്നുള്ള അഗ്‌നിരക്ഷാ സേന എത്തിയാണ് പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Top