യുവാവിനെ കൊന്ന് കുഴിച്ചുമൂടി . . . ഭാര്യയും റിസോർട്ട് മാനേജരും മുങ്ങി

ഇടുക്കി: ഒരാഴ്ച മുന്‍പ് ഇടുക്കിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. രാജകുമാരിക്കു സമീപം ശാന്തന്‍പാറ പുത്തടിയില്‍ സ്വകാര്യ റിസോര്‍ട്ടിനു സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇടുക്കി ശാന്തന്‍പാറ മുല്ലൂര്‍ വീട്ടില്‍ റിജോഷ്(37)ആണ് കൊല്ലപ്പെട്ടത്. പുത്തടി മഷ്‌റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കി മൃതദേഹം പുറത്തെടുത്തു.

സംഭവശേഷം റിജോഷിന്റെ ഭാര്യ ലിജി, റിസോര്‍ട്ട് മാനേജര്‍ വസിം എന്നിവരെ കാണാതായിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

റിജോഷിന്റെ തിരോധാനത്തിനു ശേഷം റിജോഷിന്റെ ഭാര്യ ലിജിയോടോപ്പം റിസോര്‍ട്ട് മാനേജറെയും കാണാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. പുത്തടി മഷ്റൂം ഹട്ട് റിസോര്‍ട്ടിന്റെ സമീപത്താണു മൃതദേഹം കുഴിച്ചിട്ടിരുന്നത്. റിസോര്‍ട്ട് വളപ്പില്‍ ചെറിയ കുഴിയില്‍ ഒരു ചത്ത പശുവിനെ കുഴിച്ചിട്ടിരുന്നതായും അതില്‍ നിന്നു ദുര്‍ഗന്ധം വരുന്നതിനാല്‍ കുറച്ചു മണ്ണിട്ടു മൂടണമെന്നു ഫോണിലൂടെ സമീപവാസിയായ ജെസിബി ഡ്രൈവര്‍ക്കു വസീം നിര്‍ദേശം നല്‍കിയിരുന്നു.

ജെസിബി ഡ്രൈവര്‍ റിസോര്‍ട്ടിലെത്തി മുഴുവന്‍ മൂടാത്ത കുഴി കണ്ട് അത് കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തതായി പൊലീസിനു മൊഴി നല്‍കിയിരുന്നു. റിജോഷിനെ കാണാനില്ലെന്നു പരാതി കിട്ടിയതിനെ തുടര്‍ന്നു സംശയം തോന്നിയ പൊലീസ് സ്ഥലത്തെത്തി മണ്ണു നീക്കിയതോടെയാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

താന്‍ കുഴി ഒരിക്കല്‍ മൂടിയതാണെന്നും വൃത്തിയായി മൂടുന്നതിനു വേണ്ടിയാണ് വിളിച്ചതെന്നും പറഞ്ഞതിനാല്‍ സംശയം തോന്നിയില്ലെന്നും മൃതശരീരം കാണുകയോ അതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള സൂചനകളോ തനിക്കു ലഭിച്ചിരുന്നില്ലെന്നും ജെസിബി ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഒളിവില്‍ പോയ ലിജിക്കും വസിമിനും വേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Top