മരിച്ച എയർഹോസ്റ്റസിനെ ചികിത്സിച്ചത് ഗൈനക്കോളജിസ്റ്റിന് പകരം ദന്തഡോക്ടർ; സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ദില്ലി: ആശുപത്രിയിൽ‌ ചികിത്സയിലിരിക്കെ എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർക്കും ദന്തഡോക്ടറിനുമെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച യുവതിയുടെ ബന്ധുവിനെ ആശുപത്രി അധികൃതർ മർദ്ദിച്ചിരുന്നു. അതിനെ തുടർന്ന് അയാൾ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് സംഭവം.

അൽഫാ ഹെൽത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. അനുജ് ബിഷ്ണോയിയും ആശുപത്രിയിലെ ദന്തഡോക്ടറായ ഡോ. അഞ്ജലി അഷ്കിന്റെയും പേരിലാണ് കേസെടുത്തത്. ആശുപത്രിയുടെയും ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നും മറ്റുള്ളവരുടെ പങ്കും അന്വേഷിക്കുകയാണെന്ന് സിബിഐ അറിയിച്ചു.

2021ൽ റോസി സാങ്മയെന്ന എയർഹോസ്റ്റസാണ് മരിച്ചത്. രോഗി അത്യാസന്ന നിലയിൽ ആശുപത്രിയിലായിരുന്നിട്ടും ആറ് മണിക്കൂറോളം ഗൈനക്കോളജിസ്റ്റിനെ ആശുപത്രിയിലേക്ക് എത്തിച്ചില്ലെന്ന് സിബിഐ കണ്ടെത്തി. അശ്രദ്ധയാണ് രോ​ഗിയുടെ മരണത്തിന് കാരണമായത്. മണിക്കൂറുകളോളം രക്തം വാർന്നിട്ടും ആവശ്യമായ നടപടികളൊന്നും ചെയ്തിട്ടില്ലെന്നും സിബിഐ കുറ്റപ്പെടുത്തി. മറ്റ് ആശുപത്രിയിലേക്കും രോ​ഗിയെ റഫർ ചെയ്തില്ല. കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സിബിഐ കേസ് അന്വേഷിച്ചത്. സ്വകാര്യ എയർലൈൻ കമ്പനിയിൽ ക്യാബിൻ ക്രൂ ആയിരുന്ന സാങ്മ 2021 ജൂൺ 24 ന് അൽഫാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രക്തസ്രാവത്തോടൊപ്പം കടുത്ത കൈകാൽ വേദനയെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. ഗൈനക്കോളജിസ്റ്റ് ചികിത്സിക്കേണ്ട സ്ഥാനത്ത് ദന്ത ഡോക്ടറാണ് ചികിത്സിച്ചതെന്നും സിബിഐ പറഞ്ഞു.

ഗുരുതരമായ അവസ്ഥയിൽ രോ​ഗിയെ രാവിലെ ആറിന് പ്രവേശിപ്പിച്ചെന്നറിഞ്ഞിട്ടും ഡോ. അനുജ് ബിഷ്ണോയി രാവിലെ പത്തരയ്ക്കാണ് ആശുപത്രിയിലെത്തിയത്. 12.30 രോ​ഗി മരിച്ചെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. മരണകാരണം വിഷമോ മറ്റെന്തെങ്കിലും സംശായ്പദമായ സംഭവമോ ആയിരിക്കാമെന്നാണ് ഡോക്ടർ പൊലീസിനോട് പറഞ്ഞത്. യുവതി മരിച്ച ശേഷം സംശയമുന്നയിച്ച് സോഷ്യൽമീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത അനന്തരവൻ സാമുവലിനെ ആശുപത്രി അധികൃതർ മർദ്ദിച്ച് പുറത്താക്കിയെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന് ഇയാൾ ​ഹോട്ടൽമുറിയിൽ ആത്മഹത്യ ചെയ്തു. ചികിത്സയിലിരിക്കെ ഐസിയുവിൽ വെച്ച് ഐസ് ക്രീം കഴിച്ചിരുന്നു. സാംഗ്മയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഐസിയുവിൽ ഐസ് ക്രീം കൊണ്ടുവന്നതെന്ന് ആശുപത്രി നേരത്തെ അവകാശപ്പെട്ടിരുന്നു.

Top