ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം ; പരുക്ക് മാറി ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുന്നു

ab-de-villiers

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരെ തുടരെ പരാജയം ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ വാര്‍ത്ത. ദക്ഷിണാഫ്രിക്കയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് നാലാം ഏകദിനത്തില്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു.

കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് പുറത്തുപോയ ഡിവില്ലിയേഴ്‌സ് കഴിഞ്ഞ മത്സരങ്ങളില്‍ ടീമിന് വേണ്ടി കളത്തിലിറങ്ങിയിരുന്നില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവോടെ കുല്‍ദീപ്-ചാഹല്‍ കൂട്ട്‌ക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ പ്രതീക്ഷ. പരുക്കിന്റെ പിടിയിലായ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് എന്നിവരുടെ അഭാവത്തില്‍ ഡിവില്ലിയേഴ്‌സ് തിരിച്ചെത്തുന്നത് ആതിഥേയര്‍ക്ക് ആത്മവിശ്വാസം നല്‍കും.

ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആറുവിക്കറ്റിനും, രണ്ടാം മത്സരത്തില്‍ 119 റണ്‍സിനും, കേപ്ടൗണില്‍ 124 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം. നാളെ വൈകിട്ട് വാണ്ടറേര്‍സിലാണ് നാലാം ഏകദിനം.

Top