അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്ക: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമായ എ.ബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഉചിതമായ സമയത്താണ് തീരുമാനം എടുത്തതെന്നാണ് വിരമിക്കലിനെ കുറിച്ച് ഡിവില്ലിയേഴ്‌സ് പ്രതികരിച്ചത്.

14 വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് മുപ്പത്തിനാലുകാരനായ ഡിവില്ലിയേഴ്‌സ് വിരമിച്ചത്. 228 ഏകദിനങ്ങളും 114 ടെസ്റ്റുകളും 78 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറി കൊടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു കടുപ്പമേറിയ തീരുമാനമാണെന്ന് അറിയാം. ദീര്‍ഘനാളായി ഈ കാര്യത്തെ കുറിച്ച് ആലോചിച്ച് വരികയായിരുന്നു. മാന്യമായി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ പരമ്പര വിജയത്തിന് ശേഷം ഇത് തന്നെയാണ് വിരമിക്കാനുള്ള ഏറ്റവും നല്ല സമയം ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

Top