ഡി ലിറ്റ് വിവാദം; വി സി ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി കേരള സര്‍വ്വകലാശാല വിസി ഡോ. വി പി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് പുറത്ത്. ഡി ലിറ്റ് ശുപാര്‍ശ സിന്‍ഡിക്കേറ്റ് തള്ളിയെന്ന് ഡിസംബര്‍ ഏഴിന് വിസി ഗവര്‍ണ്ണറെ കത്തിലൂടെ അറിയിച്ചു. രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്.

ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ കേരള വിസി നല്‍കിയ കത്തിന്റെ പകര്‍പ്പ് ലഭിച്ചു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തില്‍ പറയുന്നത്.

ഡി ലിറ്റ് ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താന്‍ ഇല്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഗവര്‍ണര്‍ പറഞ്ഞത്. മര്യാദ കാരണം എല്ലാം തുറന്ന് പറയുന്നില്ല.

ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ കഴിയാത്ത അതീവ ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു നിലയ്ക്കും തുടരാനാവാത്ത ഗുരുതര സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. വിസി ഗവര്‍ണര്‍ക്ക് കത്തുനല്‍കിയതിന് പിന്നാലെ പിറ്റേദിവസം ചാന്‍സലര്‍ പദവി ഒഴുകയാണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയായിരുന്നു.

Top