ഡി ലിറ്റ് വിവാദം; ആര്‍ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ഡി ലിറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയതില്‍ സന്തോഷം. താന്‍ ചാന്‍സലര്‍ ആയി തുടര്‍ന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും വച്ചുപൊറുപ്പിക്കില്ല. കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും വിഷയം ഗവര്‍ണറും വിസിയും തമ്മില്‍ പരിഹരിക്കട്ടെ എന്നുമാണ് മന്ത്രി ഇന്നലെ പറഞ്ഞത്. സര്‍ക്കാരിന് അതില്‍ കക്ഷി ചേരേണ്ട കാര്യമില്ല. ഗവര്‍ണര്‍ പറഞ്ഞതിന്റെ വിശദാംശങ്ങള്‍ അവരോട് ചോദിക്കണം. തനിക്ക് അറിയില്ല. സര്‍ക്കാര്‍ ഒരു നിര്‍ദേശവും വിസിക്ക് നല്‍കിയിട്ടില്ല.

സര്‍വകലാശാലയെ നേട്ടങ്ങളിലേക്ക് നയിച്ച ആളാണ് വി സി മഹാദേവന്‍ പിള്ള. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ ആണ് കേരള വിസി. അങ്ങനെയുള്ള വി സിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. ഡി ലിറ്റ് വിവാദത്തില്‍ വിസിയുടെ ആശയവിനിമയം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല എന്നും ആര്‍ ബിന്ദു പറഞ്ഞിരുന്നു.

Top