DDCA row: Kirti Azad met Sonia Gandhi to fix Arun Jaitley?

ന്യൂഡല്‍ഹി: ബിജെപി എം.പി കീര്‍ത്തി ആസാദാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് തനിയ്ക്കതിരായ ആരോപണത്തിന് പിന്നിലെന്ന സൂചനയുമായി അരുണ്‍ ജയ്റ്റ്‌ലി.

കീര്‍ത്തി ആസാദിന്റെ പേരെടുത്ത് പറയാതെയായിരുന്നു ജയ്റ്റ്‌ലിയുടെ വിമര്‍ശനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു എം.പി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതിനെ തുടര്‍ന്നാണ് തനിയ്‌ക്കെതിരായ ആരോപണം ആസൂത്രണം ചെയ്യപ്പെട്ടതെന്ന് ജയ്റ്റ്‌ലി ആരോപിച്ചു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.

ജയ്റ്റ്‌ലിയ്‌ക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിയ്ക്കുന്ന കീര്‍ത്തി ആസാദ് ഡിഡിസിഎ അഴിമതിയുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം വിളിയ്ക്കാനിരിയ്‌ക്കെയാണ് ജയ്റ്റ്‌ലിയുടെ ആരോപണം.

ഡിഡിസിഎയുമായി ബന്ധപ്പെട്ട് ബീഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള എം.പിയായ കീര്‍ത്തി ആസാദിന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസും എഎപിയും നിരന്തരം എടുത്തുകാട്ടുന്നുമുണ്ട്. അതേ സമയം ഇത്തരം നടപടികളില്‍ നിന്ന് പിന്മാറാന്‍ കീര്‍ത്തി ആസാദിന് ബിജെപി നേതൃത്വം താക്കീത് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് മുന്നില്‍ ഡിഡിസിഎ വിഷയം എത്തിയത് ആസാദ് സോണിയയുമായി നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണെന്നാണ് ജയ്റ്റ്‌ലിയുടെ ആരോപണം. ക്രമക്കേടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതേസമയം തട്ടിപ്പോ വഞ്ചനയോ ഉണ്ടായിട്ടില്ലെന്നുമാണ് എസ്എഫ്‌ഐഒയുടെ 2013ലെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

എന്നാല്‍ തനിയ്ക്കിതില്‍ യാതൊരു പങ്കുമില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞു. തന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ഒരു കായിക വ്യാപാര സ്ഥാപനം ഡിഡിസിഎയില്‍ നിന്ന് അനധികൃതമായി കരാറുകള്‍ നേടിയെന്ന ആരോപണവും ജയ്റ്റ്‌ലി തള്ളി. തന്റെ കുടുംബാംഗങ്ങളിലാരും ഏതെങ്കിലും തരത്തിലുള്ള വ്യാപാരത്തില്‍ താല്‍പര്യമുള്ളവരല്ലെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

എന്നോ തള്ളിപ്പോയ ആരോപണങ്ങള്‍ വീണ്ടും രാഷ്ട്രീയ ലക്ഷ്യത്തിനായി ഉയര്‍ത്തുകയാണ്. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ ലക്ഷ്യം വച്ച് തന്റെ ഓഫീസില്‍ നടന്ന സി.ബി.ഐ റെയ്ഡില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാനാണ് ഇങ്ങനെയൊരു ആരോപണവുമായി കേജ്‌രിവാള്‍ രംഗത്ത് വന്നിരിയ്ക്കുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

തന്നെ വ്യക്തിഹത്യ ചെയ്യാനായി എഎപി ഉയര്‍ത്തുന്ന ആരോപണം ട്വന്റി ട്വിന്റി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡല്‍ഹിയ്ക്ക് വേദി നഷ്ടമാകാന്‍ ഇടയാക്കിയേക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇത്തരം അന്വേഷണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടത്താന്‍ കഴിയില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു.

അഴിമതിയോ ക്രമക്കേടോ കണ്ടാല്‍ സിബിഐ അന്വേഷണം നടത്തും. സര്‍ക്കാര്‍ സ്ഥാപനമായ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡിന്റെ ചില രേഖകള്‍ ചോര്‍ന്നതായി വ്യക്തമായപ്പോള്‍ താന്‍ ധനമന്ത്രിയായിരിയ്‌ക്കെ മന്ത്രാലയത്തില്‍ സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്. അതിന് എന്റെ ഓഫീസ് റെയ്ഡ് ചെയ്തു എന്ന് ഞാന്‍ പറയുന്നതില്‍ അര്‍ത്ഥമുണ്ടോ എന്നും ജയ്റ്റ്‌ലി ചോദിച്ചു.

Top