DDCA-Kejrival

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട അഴിമതി പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അധികാരമുണ്ടെന്നും അതിനാലാണ് അന്വേഷണ കമ്മീഷനെ നിയമിച്ചതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

കമ്മിഷനില്‍ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നും അന്വേഷണത്തില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പിന്നോട്ട് പോവില്ലെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കമ്മിഷനെ നിമയിച്ചിരുന്നു. ഈ കമ്മിഷനെ ചൊല്ലി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ തുറന്ന പോരിലേക്ക് നീങ്ങിയിരുന്നു.

കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഗവര്‍ണറുടെ യജമാനനെന്നും അദ്ദേഹത്തെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡിഡിസിഎ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു.

1952ലെ കമ്മീഷന്‍ എന്‍ക്വയറി ആക്ട് അനുസരിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാത്രമേ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ അധികാരമുള്ളൂവെന്നും ഡല്‍ഹി കേന്ദ്രഭരണ പ്രദേശമായതിനാല്‍ അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണമെന്നും ജങ് കത്തില്‍ എഴുതിയിരുന്നു. കമ്മിഷന്റെ നിയമാനുസൃതയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചോദ്യം ചെയ്തതാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

Top