‘പ്രതികളെ തൂക്കിലേറ്റണം’: നിരാഹാര സമരം നടത്തിയ വനിത കമ്മീഷന്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ദിനം പ്രതി കൂടിവരുകയാണ്. ഈ പശ്ചാത്തലത്തില്‍ ബലാത്സംഗക്കേസിലെ പ്രതികളെ ആറ് മാസത്തിനുള്ളില്‍ വധശിക്ഷയ്ക്ക് വിധിക്കണമെന്ന ആവശ്യവുമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തെ തുടര്‍ന്ന് ബോധരഹിതയായതോടെയാണ് സ്വാതിയെ ഇന്ന് പുലര്‍ച്ചയോടെ ആശുപത്രിയിലാക്കിയത്.

രാജ്ഘട്ടില്‍ കഴിഞ്ഞ 10 ദിവസമായി മാലിവാള്‍ നിരാഹാര സമരം നടത്തുകയായിരുന്നു. ആദ്യം ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തുടങ്ങിയ സമരം പിന്നീട് രാജ്ഘട്ടിലേക്ക് മാറ്റുകയായിരുന്നു.

പുതിയ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാതി മാലിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയിരുന്നു. നിയമം നടപ്പാക്കുന്നത് വരെ സമരം തുടരുമെന്നാണ് സ്വാതിയുടെ പ്രഖ്യാപനം.

Top