ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്ന് ഡിസിസി പ്രസിഡന്റ്

കൊച്ചി: വാഹനം തകര്‍ത്ത കേസില്‍ ജോജു ജോര്‍ജ്ജ്‌ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് ശ്രമം പരാജയത്തിലേക്ക്. ഒത്തു തീര്‍പ്പ് ശ്രമങ്ങളില്‍ നിന്ന് ജോജു പിന്മാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു. സംഭവിച്ച കാര്യങ്ങളില്‍ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്നും മുഹമ്മദ് ഷിയാസ് കൂട്ടിചേര്‍ത്തു. പ്രസ്താവന പിന്‍വലിക്കുന്നത് അതിനുശേഷം ആലോചിക്കാമെന്നും ജോജുവിന്റെ അഭിഭാഷകന് മറുപടിയായി ഷിയാസ് വ്യക്തമാക്കി.

കോണ്‍ഗ്രസ് പരസ്യമായി മാപ്പ് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നേരത്തെ നല്‍കിയത്. ജോജുവിനെതിരെ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണം. നേതാക്കള്‍ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളും പിന്‍വലിക്കണം. പൊതുജനമധ്യത്തില്‍ ആരോപിച്ച കാര്യങ്ങള്‍ പൊതുമധ്യത്തില്‍ തന്നെ പ്രസ്താവനയിലൂടെ പിന്‍വലിക്കണം തുടങ്ങിയ കാര്യങ്ങളാണ് ജോജു മുന്നോട്ടു വച്ചിരിക്കുന്നത്. വിഷയത്തില്‍ നേതാക്കള്‍ ഒത്തുതീര്‍പ്പിനായി സമീപിച്ചിരുന്നെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വ്യക്തിപരമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ ഒത്തുതീര്‍പ്പിന് ഇനിയും സാധ്യതകളുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം കേസിലെ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിന്റെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജോസഫിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി കോടതിയില്‍ വാദിച്ചിരുന്നു. സെലിബ്രിറ്റിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

Top