വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി ഡിസിസി പ്രസിഡന്റ്

കൊച്ചി: വഴി തടഞ്ഞുള്ള സിനിമാ ഷൂട്ടിംഗ് തടയുമെന്ന യൂത്ത് കോണ്‍ഗ്രസ് തീരുമാനത്തെ തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഷൂട്ടിംഗ് തടയമെന്ന തീരുമാനമെടുത്തിട്ടില്ലെന്നും ലൊക്കേഷനുകളിലേക്ക് തങ്ങളാരും പോകില്ലെന്നും മുഹമ്മദ് ഷിയാസ് വ്യക്താക്കി. ”കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും അങ്ങനെയൊരു തീരുമാനമെടുക്കില്ല. ലൊക്കേഷനിലേക്ക് ഞങ്ങളാരും പോകുന്നില്ല”. ഷിയാസ് പറഞ്ഞു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയുമുള്ള സിനിമ ചിത്രീകരണം എറണാകുളം ജില്ലയില്‍ ഇനി അനുവദിക്കില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി നേരത്തെ പറഞ്ഞിരുന്നത്.

ലൊക്കേഷനുകളില്‍ ഗുണ്ടകളെ അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവര്‍ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താല്‍ മര്‍ദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും ടിറ്റോ ആന്റണി പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോള്‍ ഡിസിസി പ്രസിഡന്റ് തള്ളി പറഞ്ഞിരിക്കുന്നത്.

Top