ഡിസിസി പട്ടിക; അതൃപ്തി പരസ്യമാക്കി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.

സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല ചര്‍ച്ച ചെയ്യാതെ ചര്‍ച്ച ചെയ്തുവെന്ന് വരുത്തിതീര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഫലപ്രദമായി ചര്‍ച്ച നടന്നിട്ടില്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തില്‍ മുന്‍പും പുനസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ കേരളത്തില്‍ ചര്‍ച്ചകള്‍ നടക്കുമായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡിന് തീരുമാനമെടുക്കാന്‍ എളുപ്പമായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇടുക്കി കോട്ടയം ജില്ലകളിലെ പ്രസിഡന്റുമാര്‍ക്കായി താന്‍ ചരടുവലി നടത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നാല് പേരുടെ പാനല്‍ ആണ് ചോദിച്ചത്. മൂന്നെണ്ണം ആണ് നല്‍കിയത്. ഇടുക്കിയില്‍ സി.പി മാത്യുവിനായി താന്‍ രംഗത്തുണ്ടായിരുന്നുവെന്ന് വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്നും മാത്യുവിനെ അറിയാം എന്നല്ലാതെ ഒന്നുമില്ലെന്നും അദ്ദേഹത്തിനായി താന്‍ രംഗത്ത് വന്നുവെന്ന് മാത്യു പോലും വിശ്വസിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് ദുരുപയോഗം ചെയ്യാന്‍ പാടില്ല. വിശദീകരണം ചോദിച്ച ശേഷം നടപടി എന്നതാണ് ജനാധിപത്യപരമായി പിന്തുടരേണ്ട രീതിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പട്ടിക പൂര്‍ണമായും അംഗീകരിക്കുന്നുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കേരളത്തില്‍ നേതൃത്വം ഇത് സംബന്ധിച്ച് ആവശ്യത്തിന് ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഹൈക്കമാന്‍ഡിന് തീരുമാനം എളുപ്പമാകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിസിസി അധ്യക്ഷന്‍മാരേയും അംഗീകരിക്കുന്നു. എല്ലാവരും തന്റെ ആളുകളാണെന്നും അങ്ങനെയാണ് അവര്‍ തിരിച്ചും തന്നെ കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Top