ഡി.സി.സി പ്രസിഡന്റുമാരെ ഇനിയെങ്കിലും മാറ്റണം; തുറന്നടിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം.പി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതം വെപ്പായിരുന്നെന്ന് അടൂര്‍ പ്രകാശ് തുറന്നടിച്ചു. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത്. ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റുമാരെ മാറ്റണമെന്നും പരാതിയുള്ള നേതൃത്വമായി മുന്നോട്ട് പോകരുതെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ വിലയിരുത്തുന്നതിനായി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും.

പാര്‍ട്ടി പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. പാര്‍ട്ടി നേതാക്കളെ ഒറ്റക്കായിരിക്കും താരിഖ് അന്‍വര്‍ കണ്ട് സംസാരിക്കുക. കേരളത്തില്‍ സംസ്ഥാന തലത്തില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമാണെന്നാണ് ഹൈക്കമാന്‍ഡും വിലയിരുത്തുന്നത്. മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിലും ചര്‍ച്ചയുണ്ടായേക്കും.

Top