മുകേഷ് രാജി വയ്ക്കണമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ

കൊല്ലം: ‘മീ ടു’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടനും ഇടത് എംഎല്‍എയുമായ മുകേഷ് രാജി വയ്ക്കണമെന്ന് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും അവര്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ലൈംഗികാരോപണം ഉന്നയിച്ച ടെസ് ജോസഫിനെ പരിചയമില്ലെന്ന് മുകേഷ് പ്രതികരിച്ചു. ആ പെണ്‍കുട്ടിയെ പരിചയവുമില്ല, ഓര്‍മയുമില്ല. ആരെയും ആര്‍ക്കും തേജോവധം ചെയ്യാവുന്ന അവസ്ഥയെന്നും മുകേഷ് പറഞ്ഞു.

Top