ഐ.പി.എല്‍; ഡല്‍ഹിയോട് അടിയറവ് പറഞ്ഞ് ചെന്നൈ

 

ഐ.പി.എല്ലില്‍ സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്സിനെ 44 റണ്‍സിനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് തകര്‍ത്തത്. ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വിജയത്തിലേക്കെന്ന തോന്നലുയര്‍ത്താന്‍ ചെന്നൈ ടീമിന് സാധിച്ചില്ല. 176 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിലെ ഓപ്പണര്‍മാരായ മുരളി വിജയ് (10), ഷെയ്ന്‍ വാട്ട്സണ്‍ (14) എന്നിവരും റുതുരാജ് ഗെയ്ക്വാദും (5) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പിന്നീട് ഫാഫ് ഡൂപ്ലെസിസും കേദാര്‍ ജാദവും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ജാദവിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി നോര്‍ഹെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ആറാം ഓവറില്‍ മുരളി വിജയിയെ ആന്റിച്ച് നോര്‍ജെയും പുറത്താക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ നിറംമങ്ങിയ ഋതുരാജ് ഗെയ്ക്ക്വാദിന് രണ്ടാമത്തെ അവസരവും മുതലാക്കാനായില്ല. 10ാം ഓവറില്‍ കീപ്പര്‍ ഋഷഭ് പന്തിന്റെ ത്രോയില്‍ അക്‌സര്‍ പട്ടേല്‍ ഗെയ്ക്ക്വാദിനെ റണ്ണൗട്ട് ആക്കുകയായിരുന്നു. പിന്നീട് എത്തിയ, കേദാര്‍ യാദവ് (21 പന്തില്‍ 26), എം.എസ്.ധോണി ( 12 പന്തില്‍ 15), രവീന്ദ്ര ജഡേജ (9 പന്തില്‍ 12) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടു പന്തില്‍ ഒരു റണ്‍സെടുത്ത് സാം കറന്‍ പുറത്താകാതെ നിന്നു.

Top