എന്റെ ജീവന്റെ വിലയുള്ള ഡയറിയെങ്കിലും; പൊലീസിനോട് അഭ്യർഥനയുമായി ദയാബായി

കാസർകോട്: സെക്രട്ടേറിയറ്റിന് മുൻപിൽ സമരം നടത്തുന്നതിന് ഇടയിൽ സമരപ്പന്തലിൽ നിന്ന് തന്റെ 70000 രൂപയും രേഖകളും ഡയറിയും മോഷണം പോയതായി സാമൂഹിക പ്രവർത്തക ദയാ ബായി. ഒക്ടോബർ 12നാണു മോഷണം നടന്നത്. നഷ്ടപ്പെട്ട പണത്തേക്കാളും രേഖകളാണ് തനിക്ക് തിരികെ വേണ്ടത് എന്ന് ദയാ ബായി പറഞ്ഞു.

നിരാഹാരത്തിനിടെ പൊലീസ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണു ബാഗ് നഷ്ടപ്പെട്ടത്. സംഘാടകർ പറഞ്ഞതിനാലാണ് പരാതി നൽകാതിരുന്നത്. പരിചയപ്പെട്ടവരുടെയെല്ലാം നമ്പറുകൾ എഴുതി വച്ച ഡയറി ഉൾപ്പെടെയാണു നഷ്ടമായത്. അതിന് എന്റെ ജീവനെക്കാൾ വിലയുണ്ട്. തന്നെ ആശുപത്രിയിലേക്കു മാറ്റിയ പൊലീസിന് തന്റെ വസ്തുക്കൾ സംരക്ഷിക്കാനുള്ള ബാധ്യതയില്ലേ എന്നും ദയാബായി ചോദിക്കുന്നു.

ആശുപത്രിയിൽ എത്തിച്ചശേഷം പൊലീസുകാർ സ്ഥലംവിട്ടു. ആശുപത്രി വിട്ടപ്പോൾ അവിടെ അടയ്ക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും ദയാബായി പറയുന്നു. കാസർകോട് എൻഡോസൾഫാൻ രോഗികൾക്ക് സെന്ററും തനിക്കു സ്വന്തമായി വീടും പണിയുന്നതിന് സ്വരൂപിച്ചു വെച്ചതിൽപ്പെട്ട തുകയാണ് പഴ്സിലുണ്ടായിരുന്നത്. അതിൽ 50000 രൂപ അവാർഡുകളുടെ സമ്മാനമായി ലഭിച്ചതാണ്. മറ്റൊരു 20,000 രൂപയാണ് പഴ്സിലുണ്ടായത് എന്നും ദയാബായി പറയുന്നു.

Top