രാത്രിയെന്നോ പകലെന്നോ ഇല്ല; അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജീകരണമൊരുക്കാന്‍ വ്യോമസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏതു സമയത്തും ആക്രമണങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ വ്യോമസേന. ലഡാക്കില്‍ പോര്‍ വിമാനങ്ങള്‍, ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകള്‍, വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയെല്ലാം എല്ലായ്‌പ്പോഴും ആക്രമണത്തിനു തയാറാക്കി നിര്‍ത്താനാണു സേനയുടെ ശ്രമം.

ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണു ലഡാക്കില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യന്‍ സേന മുന്നോട്ടു പോകുന്നത്. വ്യോമസേനയുടെ മിഗ് 29 പോര്‍ വിമാനങ്ങള്‍, സുഖോയ് 30, ആപ്പാഷെ എഎച്ച് 64 ഇ ഹെലികോപ്റ്ററുകള്‍, സിഎച്ച് 47 എഫ് ചിനൂക് ഹെലികോപ്റ്ററുകള്‍ എന്നിവയാണു ദൗത്യത്തിന്റെ ഭാഗമാകുക. ലഡാക്കിലെ പര്‍വത പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ രാത്രി കാലങ്ങളിലും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

വ്യോമസേനയുടെ പരമാവധി കരുത്ത് ഇതിനായി ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ക്കുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ അത് ഉപയോഗിക്കുമെന്നും വ്യോമസേന മുന്‍ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി എച്ച്. മേജര്‍ പ്രതികരിച്ചു. പ്രഫഷനലായ ഏതൊരു സേനയും 24 മണിക്കൂറും ആക്രമണ സജ്ജരായിരിക്കണമെന്ന് സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് അഡിഷനല്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ വ്യക്തമാക്കി.

Top