ട്വിറ്ററില്‍ നിന്ന് ബിജെപിയെ നീക്കി പങ്കജാ മുണ്ടെ; മഹാരാഷ്ട്ര നേതാവിന്റെ നീക്കം ട്വിസ്റ്റാകുമോ?

ഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായ എന്‍സിപിയിലെ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടതിന്റെ ആഘാതത്തിലാണ് ബിജെപി നേതാവ് പങ്കജാ മുണ്ടെ. ഡിസംബര്‍ 12ന് ഭാവി കരാറുകള്‍ പ്രഖ്യാപിക്കുമെന്ന് ഞായറാഴ്ച ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കജാ മുണ്ടെ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍, ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ ബിജെപിയെ നീക്കിയതോടെ അഭ്യൂഹങ്ങള്‍ വ്യാപകമായി.

അന്തരിച്ച ബിജെപി നേതാവും ഗോപിനാഥ് മുണ്ടെയുടെ മകള്‍ കൂടിയായ പങ്കജാ മുണ്ടെ പിതാവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ എന്ത് പ്രഖ്യാപനമാണ് നടത്തുകയെന്ന് ബിജെപി പോലും ഉറ്റുനോക്കുന്ന അവസ്ഥയാണ്. ഡിസംബര്‍ 12ന് പിതാവ് മുണ്ടെയുടെ സ്മാരകം സ്ഥിതി ചെയ്യുന്ന ബീഡ് ജില്ലയില്‍ ഒരു റാലി നടത്താനും പങ്കജാ മുണ്ടെ തയ്യാറെടുക്കുന്നുണ്ട്.

ഇവരുടെ പോസ്റ്റ് പുറത്തുവന്നതോടെ പങ്കജാ മുണ്ടെ ബിജെപി ഉപേക്ഷിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു. ‘പൊതുയോഗം തന്റെ മണ്ഡലത്തിലെ ആളുകളും, ജനങ്ങളുമായും ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. തോല്‍വിയില്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട്. തോല്‍വി ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്. ഈ ആശങ്കകളെക്കുറിച്ച് സംസാരിക്കുന്നതിന് പുറമെ ഭാവി പരിപാടികളും തീരുമാനിക്കും. അല്ലാതെ ബിജെപി വിടാന്‍ പദ്ധതിയില്ല’, പങ്കജാ മുണ്ടെയുടെ അടുത്ത കൂട്ടാളി വെളിപ്പെടുത്തി.

മഹാരാഷ്ട്രയിലെ ശക്തമായ പിന്നോക്ക നേതാവ് കൂടിയാണ് പങ്കജാ മുണ്ടെ. ഒബിസി വിഭാഗമായ വഞ്ചാരികളില്‍ ഇവര്‍ക്ക് ശക്തമായ സ്വാധീനമുണ്ട്.

Top