ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ലേലത്തിന്; 1300 മടങ്ങ് വിലകൊടുത്ത് സ്വന്തമാക്കി ശിവസേന നോതാവ്

മുംബൈ: രാജ്യം തിരയുന്ന കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ലേലത്തിനു വെച്ച സ്വത്തുക്കള്‍ 1300 മടങ്ങ് വിലകൊടുത്ത് സ്വന്തമാക്കി അഭിഭാഷകനും ശിവസേന നോതാവുമായ അജയ് ശ്രീവാസ്തവ. 2001 മുതല്‍ ദാവൂദിന്റെ സ്വത്തുവകകള്‍ ലേലത്തില്‍ പിടിക്കുന്ന അജയ് ശ്രീവാസ്തവ ഇക്കുറി പതിനയ്യായിരം രൂപ മാത്രം കരുതല്‍വില വരുന്ന സ്ഥലമാണ് രണ്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. ദാവൂദിന്റെ മുംബൈയിലെയും രത്‌നഗിരിയുടെയും നാലിടത്തെ സ്വത്തുവകകളാണ് ലേലത്തിനു വെച്ചത്.

2001-ലാണ് ദാവൂദിന്റെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് ലേലം ചെയ്യുന്നതായും ഭയം കാരണം ആരുമത് വാങ്ങാന്‍ തയ്യാറാകുന്നുമില്ലെന്ന പത്രവാര്‍ത്ത അജയ് ശ്രീവാസ്തവയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഒരു ഭീകരനെതിരെ താന്‍ മുന്നോട്ടുവന്നാല്‍ ദാവൂദിനോട് ആളുകള്‍ക്കെതിരെയുള്ള ഭയം മാറുമെന്ന് കരുതിയാണ് താന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയതെന്ന് അജയ് ശ്രീവാസ്തവ പറയുന്നു. അന്ന് ദാവൂദിന്റെ പേരിലുള്ള രണ്ട് കടകളാണ് ശ്രീവാസ്തവ ലേലത്തില്‍ പിടിച്ചത്. പക്ഷേ അവയുടെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മക്കളുമായി കേസ് നടക്കുകയാണ്. ശ്രീവാസ്തവയ്ക്ക് അനുകൂലമായി 2011-ല്‍ മുംബൈയിലെ കോടതിയുടെ വിധി വന്നെങ്കിലും ഇതിനെതിരെ ഹസീനയുടെ മക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദാവൂദിന്റെ സ്വത്തുക്കള്‍ വാങ്ങിയതിനു ശേഷം പതിനൊന്നു വര്‍ഷത്തോളം തനിക്ക് Z+ സുരക്ഷയാണ് ഒരുക്കിയതെന്ന് ശ്രീവാസ്തവ പറയുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ദാവൂദിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം തന്നെ ബന്ധപ്പെട്ടുവെന്നും സ്വത്ത് മടക്കി നല്‍കിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ലക്ഷ്യം പണമല്ലാത്തതിനാല്‍ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു എന്നും ശ്രീവാസ്തവ പറയുന്നു. താന്‍ ദേശഭക്തി പ്രകടിപ്പിക്കുകയാണ് ഇതിലൂടെയെന്നാണ് ശ്രീവാസ്ത പറയുന്നത്.

Top