Dawood Ibrahim’s money was not swindled, Indian government had it seized

ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പണം അടിച്ചുമാറ്റിയത് ഇന്ത്യന്‍ ഏജന്‍സികളെന്നു റിപ്പോര്‍ട്ട്. ദാവൂദിനെ പറ്റിച്ച് സഹായി 40 കോടി രൂപയുമായി മുങ്ങിയെന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ദാവൂദിന്റെ സംഘത്തിലെ ആരോ ഇത് അടിച്ചുമാറ്റിയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ഏജന്‍സികളാണ് ഇതിനു പിന്നിലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ദാവൂദിന്റെ വിവിധ രാജ്യങ്ങളിലെ അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്. വിവിധ രാജ്യങ്ങളുമായി ദാവൂദിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചു നിരീക്ഷിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തില്‍ യുഎഇ, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഇടപാടുകള്‍ മരവിപ്പിച്ചതില്‍നിന്നാണ് ദാവൂദിന് പണം നഷ്ടമായത്. യുഎഇയില്‍ മാത്രം ആറ് ഹാവാല ഇടപാടുകള്‍ മരവിപ്പിച്ചു.

ഇന്ത്യ-ദുബായ്-കാനഡ എന്നിങ്ങനെയായിരുന്നു ദാവൂദിന്റെ ഹവാല കടത്തിന്റെ വഴി. ബാങ്കുകളിലുണ്ടായിരുന്ന പണത്തിന്റെ ഉറവിടം കാണിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടെങ്കിലും ഇതുണ്ടാകാത്തതിനെ തുടര്‍ന്ന് പണം ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തുടക്കത്തില്‍ സംഘത്തില്‍നിന്നു തന്നെ ആരോ പണം തട്ടിയെന്നാണ് ദാവൂദ് കരുതിയതെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങളില്‍ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്ക് ദാവൂദിന്റെ ഡി കമ്പനിക്കു പിടികിട്ടിയതായാണ് സൂചന.

രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം അനുസരിച്ച് ഡല്‍ഹിയിലെ പ്രമാണിയില്‍നിന്ന് 45 കോടി രൂപ ദാവൂദിനായി കൈപ്പറ്റി. 40 കോടി രൂപ ഹവാല ഇടപാട് രീതിയില്‍ വിദേശത്തേക്ക് മാറ്റുകയും 5 കോടി ദാവൂദിന്റെ ട്രാന്‍സ്ഫര്‍ കോസ്റ്റായി നീക്കിവയ്ക്കുകയും ചെയ്തു.

പിന്നീട് ഈ 40 കോടി കടത്തിയ ആള്‍ക്കൊപ്പം അപ്രത്യക്ഷമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പാക്കിസ്ഥാനിലെ ദാവൂദിന്റെ സഹായി ജബീര്‍ മോഡിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍നിന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.

ഇന്ത്യയിലെ കള്ളപ്പണ ഇടപാടിന്റെ ചുക്കാന്‍ ഇപ്പോഴും ദാവൂദിന്റെ കൈയ്യിലാണ്. മുംബൈയിലും ഡല്‍ഹിയിലും ദാവൂദിന്റെ ആഗോള ഭീകര വിപണന റാക്കറ്റ് പണപിരിവ് നടത്തുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്യുന്നുണ്ട്.

Top