ദാവൂദ് ഇബ്രാഹിമിന്റെ സങ്കേതങ്ങളും ഇന്ത്യ പ്രത്യാക്രമണത്തില്‍ ലക്ഷ്യമിടും . . .

കൊടും ഭീകരന്‍ മസൂദ് അസഹറിന് പിന്നാലെ പാക്കിസ്ഥാനില്‍ അഭയം തേടിയ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ താവളവും ഇന്ത്യ ലക്ഷ്യമിടുന്നു.

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തയ്യാറാക്കുന്ന പദ്ധതികള്‍ എന്താണെന്നത് ആര്‍ക്കും ഒരു നിശ്ചയവുമില്ലങ്കിലും ഭീകര ക്യാംപുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുന്ന രൂപത്തിലേക്ക് ആക്രമണം മാറുമെന്നാണ് അമേരിക്ക ഉള്‍പ്പെടെ കരുതുന്നത്. ഭീകരര്‍ മാത്രമല്ല , അവര്‍ക്ക് കാവല്‍ നില്‍ക്കുകയും ഒത്താശ നല്‍കുകയും ചെയ്യുന്ന പാക്ക് സൈനികരും ഇന്ത്യയുടെ പ്രത്യോക്രമണത്തില്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ട്.

ആദ്യഘട്ടത്തില്‍ ആധുനിക ഡ്രോണുകള്‍ ഉപയോഗിച്ചാകും ഇന്ത്യ ആക്രമണം നടത്തുകയെന്നാണ് യുദ്ധ വിദഗ്ദരെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും ടെക്‌നോളജിയില്‍ രൂപപ്പെടുത്തിയ വിനാശകാരികളായ ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൈവശമുണ്ട്. എതിരാളികളുടെ ചാരക്കണ്ണുകളെ വെട്ടിച്ച് പറക്കാന്‍ ശേഷിയുള്ള ഡ്രോണുകളാണിത്. ബോംബിട്ട് ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള ഇന്ത്യന്‍ സേനയുടെ നീക്കത്തെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും വലിയ ആശങ്കയില്‍ തന്നെയാണ് ആ രാജ്യം.

മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ ആക്രമണം ഭയന്ന് പാക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.

പാക്ക് സൈന്യത്തിന്റെ കാവലില്‍ തന്നെയാണ് മസൂദ് അസ്ഹറിനെ പോലെ ദാവൂദും രാജകീയമായി ജീവിക്കുന്നത്. ഈ അന്താരാഷ്ട്ര കുറ്റവാളിയുടെ ബ്രിട്ടണിലെയും ദുബായിലെയും സ്വത്തുക്കള്‍ ഇന്ത്യ ഇടപെട്ട് മുമ്പ് കണ്ട് കെട്ടിച്ചിരുന്നു.

അടിക്കടി ദുബായ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്ന ദാവൂദ് ഇബ്രാഹിം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയെ പേടിച്ച് ഇപ്പോള്‍ പുറത്തിറങ്ങാറ് പോലുമില്ല.


ദാവൂദും മസൂദും ആണ് പാക്കിസ്ഥാനിലെ ഇന്ത്യയുടെ പ്രധാന ടാര്‍ഗറ്റ്. പരമാവധി നാശനഷ്ടം തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഉണ്ടാക്കുക എന്നതാണ് ഇന്ത്യന്‍ സേനയുടെ ദൗത്യം.

കാശ്മീരില്‍ ഇപ്പോള്‍ ചിതറി തെറിച്ച 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവന് മാത്രമല്ല മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ രാജ്യത്ത് ഇന്നുവരെ പാക്ക് സഹായത്തോടെ നടത്തിയ സകല ആക്രമണങ്ങള്‍ക്കുമുള്ള ഒരു തിരിച്ചടി, അതാണ് രാജ്യം ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

അയല്‍ രാജ്യമായ ഇറാന്‍ കൂടി പാക്കിസ്ഥാനെതിരെ തിരിഞ്ഞതും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റെ വിജയമായാണ് ലോക രാഷ്ട്രങ്ങള്‍ കാണുന്നത്. പുല്‍വാമ ഭീകര ആക്രമണത്തിന് പാക്ക് സൈനിക ആശുപത്രിയില്‍ നിന്നും മസൂദ് അസ്ഹര്‍ നടത്തിയ ആസൂത്രണത്തിന്റെ തെളിവുകള്‍ ഇതിനകം തന്നെ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

തന്റെ ബന്ധുക്കളുടെ കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അസ്ഹറിന്റെ ശബ്ദ സന്ദേശം ആക്രമണത്തിന് 10 ദിവസം മുന്‍പാണ് ജമ്മു കാശ്മീരിലെ ജയ്‌ഷെ മുഹമ്മദ് ക്യാംപില്‍ എത്തിച്ചിരുന്നത്. ഈ തെളിവ് പുറത്ത് വന്നത് ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് വന്‍ പ്രഹരമായിട്ടുണ്ട്. ഭീകരരെ പാലൂട്ടി വളര്‍ത്തുന്ന പാക്ക് നിലപാടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്ലീം രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും കടുത്ത അതൃപ്തിയുണ്ട്.

ഇന്ത്യന്‍ ആക്രമണം ഏത് നിമിഷവും പ്രതീക്ഷിക്കുന്ന പാക്കിസ്ഥാന് ഇറാന്‍ അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് മുന്‍പ് ഇന്ത്യ അതിര്‍ത്തി കടന്ന് നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം ഇറാനും പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് പീരങ്കി ആക്രമണം നടത്തിയിരുന്നു.

ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഇറാന്‍ അറിയപ്പെടുന്നത്. ഇതിനു പുറമെ മറ്റൊരു പാക്ക് അതിര്‍ത്തിയായ അഫ്ഗാനിസ്ഥാന്‍ ഉപയോഗപ്പെടുത്തിയുള്ള ‘തന്ത്രപരമായ’ സൈനിക നീക്കത്തിനും ഇന്ത്യ തയ്യാറാകുമെന്ന ഭയവും പാക്കിസ്ഥാനുണ്ട്.

ചൈന ഒഴികെ സകല ലോക രാഷ്ട്രങ്ങളുടെയും പിന്തുണ ആര്‍ജിച്ച് ചൈനക്ക് ചുറ്റും പത്മവ്യൂഹം തീര്‍ത്തിരിക്കുകയാണിപ്പോള്‍ ഇന്ത്യ.

ഈ തിരിച്ചടിക്ക് പ്രതിരോധം തീര്‍ക്കാന്‍ ചൈന സൈനികമായി പാക്കിസ്ഥാനെ സഹായിച്ചാല്‍ ഇടപെടാനാണ് അമേരിക്ക, ഇസ്രയേല്‍ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍ തുടങ്ങിയ സൈനിക ശക്തികളുടെ തീരുമാനം.

അസാധാരണമായ ഈ സാഹചര്യത്തില്‍ വെട്ടിലായിരിക്കുന്നത് ചൈനയും കൂടിയാണ്. പാക്കിസ്ഥാനില്‍ വന്‍ മുതല്‍മുടക്ക് നടത്തിയാണ് സാമ്പത്തിക ഇടനാഴി ചൈന പണിയുന്നത്. ചരക്ക് നീക്കം എന്നതില്‍ ഉപരി ഇതുവഴി സൈനിക നീക്കവും എളുപ്പത്തില്‍ നടത്താന്‍ കഴിയുമെന്നത് ഇന്ത്യ ഗൗരവമായാണ് വീക്ഷിച്ച് വന്നിരുന്നത്.

ഇപ്പോഴത്തെ ഈ അവസരം ചൈനയുടെ ഈ പാത തകര്‍ക്കാന്‍ കൂടി ഇന്ത്യന്‍ സേന ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ചൈനക്കുണ്ട്. ഒരേ സമയം അമേരിക്കയും റഷ്യയും ഒരു പോലെ ഇന്ത്യയെ പിന്തുണക്കുന്നതാണ് ചൈനയെ കുഴക്കുന്നത്. അമേരിക്കയുമായി പോലും ചൈന ഉടക്കാന്‍ മടി കാണിക്കാതിരുന്നത് റഷ്യയുടെ പിന്തുണ കൂടി മുന്നില്‍ കണ്ടാണായിരുന്നു. ചൈനീസ് പ്രതിഷേധം പ്രതികരണത്തില്‍ മാത്രം ഒതുക്കുന്നതായിരിക്കും അവര്‍ക്ക് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ദരും ചൂണ്ടിക്കാണിക്കുന്നത്.

സാമ്പത്തികമായി വലിയ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈന ഇന്നുവരെ ആര്‍ജിച്ച സകല നേട്ടങ്ങളും എടുത്ത് ചാടി തകര്‍ക്കാന്‍ തയ്യാറാവില്ലന്ന് തന്നെയാണ് അവരുടെ നിഗമനം.

അതേസമയം, ആക്രമണം ഭയന്ന് പാക്ക് ഭീകര കേന്ദ്രങ്ങള്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ മാറ്റുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഈ ഇടങ്ങളും ഇന്ത്യ നിരീക്ഷിച്ച് വരികയാണ്.
ഇസ്രയേല്‍- അമരിക്കന്‍. രഹസ്യാന്വേഷണ ഏജന്‍സികളും ഇന്ത്യക്ക് യഥാസമയം വിവരങ്ങള്‍ കൈമാറുന്നുണ്ട്.

Top