Dawood Ibrahim plotted social unrest to maim Modi government, NIA reports

ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത പരത്തി വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ശ്രമിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മത നേതാക്കളെയും ആര്‍എസ്എസുകാരെയും പള്ളികളെയും ആക്രമിച്ച് രാജ്യത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു പദ്ധതി.

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെയായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് ഡി കമ്പനിയുടെ 10 അംഗങ്ങള്‍ക്കെതിരെ ശനിയാഴ്ച ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്യും.

2015 നവംബര്‍ രണ്ടിന് ഗുജറാത്തില്‍വച്ച് ആര്‍എസ്എസ് നേതാക്കളായ ശിരിഷ് ബംഗാലി, പ്രഗ്‌നേഷ് മിസ്ട്രി എന്നിവരെ കൊലപ്പെടുത്തിയത് ഈ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. ഡി കമ്പനിയുടെ ഷാര്‍പ് ഷൂട്ടര്‍മാരായിരുന്നു ഇതിന്റെ പിന്നില്‍.

1993 മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ കുറ്റവാളി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനു പകരംവീട്ടുന്നതിനു വേണ്ടിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നായിരുന്നു അന്ന് പൊലീസ് പിടിയിലായര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ ഡി കമ്പനി അംഗങ്ങളായ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാവേദ് ചിക്‌നയും ദക്ഷിണാഫ്രിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹീദ് മിയാനുമാണ് (ജാവോ) ഇതിനു പിന്നിലെന്നും നേതാക്കളെ കൊല്ലുക മാത്രമല്ല വര്‍ഗീയ കലാപം ഉണ്ടാക്കാനും പദ്ധതിയുണ്ടായിരുന്നതായും തെളിഞ്ഞു. ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന്റെ ഹിറ്റ്‌ലിസ്റ്റും ഇവര്‍ തയാറാക്കിയിരുന്നു.

ചിക്‌നയെ പാക്കിസ്ഥാനില്‍ നിന്നു കണ്ടെത്തണണെന്ന് ആവശ്യപ്പെട്ട് ഇന്റര്‍പോളിനെ എന്‍ഐഎ സമീപിച്ചിട്ടുണ്ട്. മാത്രമല്ല, ഇതു സംബന്ധിച്ച ജുഡീഷ്യല്‍ അഭ്യര്‍ഥന പാക്കിസ്ഥാന്‍, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ ഏഴു പേരുടേത് ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുക. എന്നാല്‍ ദാവൂദ് ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ടതായി തെളിവു ലഭിച്ചിട്ടില്ല. അതു കിട്ടുന്ന മുറയ്ക്ക് ദാവൂദിന്റെ പേരിലും ചാര്‍ജിഷീറ്റ് ഇടുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

Top