ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചോ? സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത്

ന്യൂഡല്‍ഹി: അധോലോക നേതാവും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിം കോവിഡ് ബാധിച്ച് മരിച്ചതായി അഭ്യൂഹം. സമൂഹ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ന്യൂസ് എക്‌സ് ആണ് ദാവൂദ് ഇബ്രാഹിം മരിച്ചതായി ട്വീറ്റ് ചെയ്തത്. ഇതോടെയാണ് അധോലോക നായകന്റെ മരണം സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് ചൂട് പിടിച്ചത്. ദാവൂദ് മരിച്ചെന്ന തരത്തില്‍ മുമ്പും പല തവണ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന മരണ വാര്‍ത്തയില്‍ എത്രേത്താളം യാഥാര്‍ഥ്യമുണ്ടെന്ന് വ്യക്തമല്ല.

ദാവൂദിനും ഭാര്യ മെഹജബീന്‍ ഷെയ്ഖിനും കോവിഡ് പിടിപെട്ടുവെന്ന് കഴിഞ്ഞ ദിവസം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുവരും കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദാവൂദിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പരിചാരകരും ക്വാറന്റീനിലാണെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു.

അതേസമയം ദാവൂദിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ദാവൂദിന്റെ സഹോദരനും ഡി കമ്പനിയുടെ മേധാവിയുമായ അനീസ് ഇബ്രാഹിം രംഗത്തെത്തിയിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിനെന്നല്ല, കുടുംബത്തിലെ ആര്‍ക്കും കോവിഡില്ലെന്നാണ് അനീസ് വ്യക്തമാക്കുന്നത്. ദാവൂദ് ഇബ്രാഹിം മരിച്ചെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കൊപ്പം തന്നെ ഈ വാര്‍ത്ത സംബന്ധിച്ച ട്രോളുകളും പരിഹാസങ്ങളും ട്വിറ്ററില്‍ വ്യാപകമാവുകയാണ്.

Top