Dawood calls: My phone was hacked, claims Maharashtra minister

മുംബൈ : അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ വസതിയിലെ ഫോണില്‍നിന്ന് മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര റവന്യു മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെയുടെ ഫോണിലേക്കു കോളുകള്‍ വന്നെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭീകര വിരുദ്ധസേനയാണ് അന്വേഷണം നടത്തുക.

വിഷയം എന്താണെന്ന് തനിക്കും അറിയണമെന്നും അതിനാലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഏക്‌നാഥ് ഖഡ്‌സെ പ്രതികരിച്ചു.

തന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സംഘത്തിന് ഇത് കൈമാറുമെന്നും ഏക്‌നാഥ് ഖഡ്‌സെ പറഞ്ഞു.

ആരോപണത്തില്‍ ചൂണ്ടിക്കാട്ടിയ ഫോണ്‍ നമ്പര്‍ ഒരു വര്‍ഷമായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടിരുന്നു.

ദാവൂദ്ഖഡ്‌സെ ഫോണ്‍ ബന്ധം ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മയാണ് കഴിഞ്ഞ ദിവസം രംഗത്തുവന്നത്. ദാവൂദിന്റെ ഭാര്യ മെഹ്ജാബിന്‍ ഷെയ്ഖിന്റെ നമ്പരില്‍നിന്നു മന്ത്രിക്കു പലവട്ടം ഫോണ്‍കോള്‍ വന്നതായാണ് ആരോപണം.

വിവാദ ഫോണ്‍വിളി സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണത്തിനു നിര്‍ദേശിച്ചിരുന്നതായും എഎപി നേതാവ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ആരോപണത്തില്‍ പറയുംപോലെ 2015 സെപ്റ്റംബറിനും ഈ വര്‍ഷം ഏപ്രിലിനുമിടയ്ക്കു ഖഡ്‌സെയുടെ ഫോണിലേക്ക് ദാവൂദിന്റേതെന്നു സംശയിക്കുന്ന നമ്പരില്‍നിന്നു കോള്‍ വന്നിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ജോയിന്റ് പൊലീസ് കമ്മിഷണര്‍ (ക്രൈം) അതുല്‍ കുല്‍ക്കര്‍ണിയുടെ റിപ്പോര്‍ട്ട്.

Top