നാടിനെ ചതിക്കുന്ന പോലീസുകാരുണ്ടോ? ‘കറുത്ത ആടിനെ’ പിടിക്കാന്‍ സിആര്‍പിഎഫ്

മ്മു കശ്മീര്‍ പോലീസ് ഓഫീസറായിരുന്ന ദേവീന്ദര്‍ സിംഗിന്റെ അറസ്റ്റിന് ശേഷം സേനയ്ക്കുള്ളില്‍ വഴിതെറ്റിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ വമ്പിച്ച ആഭ്യന്തര പരിശോധന നടത്തിയതായി സിആര്‍പിഎഫ് മേധാവി എപി മഹേശ്വരി. പോലീസ് ഡിഎസ്പി ആയിരുന്ന ദേവീന്ദര്‍ സിംഗിനെ ജനുവരി 11നാണ് ഭീകരരെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ അറസ്റ്റ് ചെയ്തത്.

സിംഗിന്റെ അറസ്റ്റ് ജമ്മു കശ്മീര്‍ പോലീസ് സേനയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സമാനമായി തീവ്രവാദികളുമായി കൈകോര്‍ക്കുന്ന മറ്റ് ഓഫീസര്‍മാരും ഉണ്ടാകാമെന്ന സൂചനയും ഇതോടെ ലഭിച്ചു. ഗുരുതരമായ ഈ സംഭവം, അത്യധികം ആശങ്ക ഉളവാക്കിയെന്ന് സിആര്‍പിഎഫ് മേധാവിയായി അടുത്തിടെ ചുമതലയേറ്റ മഹേശ്വരി വ്യക്തമാക്കി.

‘ഇത്തരം സംഭവങ്ങള്‍ വഴി ഒരു സുരക്ഷാ സേനയും ദുര്‍ബലമായി മാറരുത്. അതുകൊണ്ട് എല്ലാ സേനകളും ആഭ്യന്തര നിരീക്ഷണം ഉറപ്പാക്കണം. എല്ലാ സേനകളും ജാഗ്രത പാലിച്ച് ഏതെങ്കിലും തരത്തിലുള്ള വഴിതെറ്റലുകളോ, സേനയിലേക്കുള്ള നുഴഞ്ഞുകയറ്റമോ, എതിരാളികളുമായി കൈകോര്‍ക്കാനുള്ള ശ്രമങ്ങളോ ഇല്ലെന്ന് ഉറപ്പാക്കണം. ഇത് ഗുരുതമായ കാര്യമാണ്’, മഹേശ്വരി പറഞ്ഞു.

സുരക്ഷയ്ക്കും, തീവ്രവാദ വിരുദ്ധ നടപടികള്‍ക്കുമായി സിആര്‍പിഎഫിന്റെ 70,000 ഉദ്യോഗസ്ഥരാണ് ജമ്മു കശ്മീരിലുള്ളത്. ഡിഎസ്പി അറസ്റ്റിലായതോടെ സേനയില്‍ സമ്പൂര്‍ണ്ണ പരിശോധന നടത്തി. ഈ രീതി കൂടുതല്‍ ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം ദേവീന്ദര്‍ സിംഗിന്റേത് ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top