ഭീകരരെ തുരങ്കം കടക്കാന്‍ സഹായിച്ച് ഡിഎസ്പി; പ്രതിഫലം വാങ്ങിയത് 12ലക്ഷം !

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലായ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗ് തീവ്രവാദികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീര്‍ പോലീസ്. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് 12 ലക്ഷം രൂപയാണ് ദേവീന്ദര്‍സിംഗ് ഭീകരരോട് ആവശ്യപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.

കശ്മീര്‍ താഴ് വരയില്‍ ഭീകരര്‍ക്കെതിരെയുള്ള പ്രവര്‍ത്തനം സുരക്ഷാസേന വര്‍ധിപ്പിച്ച ഘട്ടങ്ങളില്‍ കുറഞ്ഞത് 5 തവണ എങ്കിലും ഇയാൾ ഭീകരരെ ബനിഹാൽ തുരങ്കം കടത്തിവിട്ടിട്ടുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്. താഴ്‌വരയിൽ ഭീകരരെ പൊലീസും സൈന്യം ചേർന്ന് വേട്ടയാടുമ്പോൾ ഇവരെ ജമ്മുവിലെത്തിക്കുകയായിരുന്നു ദവീന്ദർ സിങ്ങിന്റെ ചുമതലയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം ഭീകരവാദികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിംഗിനേയും തീവ്രവാദിയായി കണക്കാക്കുമെന്ന് പോലീസ് പറഞ്ഞു. സര്‍വീസിലിരിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യുന്ന രീതിയിലല്ല, തീവ്രവാദിയെന്ന നിലയിലാകും ദേവീന്ദര്‍ സിംഗിനെ വിചാരണ ചെയ്യുക എന്നാണ് പോലീസ് പറഞ്ഞത്.

ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്പര്‍ ഇന്റന്‍ഡായി ജോലി ചെയ്ത് വരികയായിരുന്ന ദേവീന്ദര്‍ സിംഗ് കഴിഞ്ഞ വര്‍ഷം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ്.

തീവ്രവാദികളെ കടത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നു ശനിയാഴ്ചയാണ് ദേവീന്ദര്‍ സിംഗിനേയും രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ -47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.

Top