ഡേവിഡ് വാര്‍ണറെ ഓസീസ് ഗ്രേറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തതാതെ ജോണ്‍ ബുക്യാനന്‍

സിഡ്നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണര്‍ എന്ന പേരെടുത്തിട്ടും ഡേവിഡ് വാര്‍ണറെ ഓസീസ് ഗ്രേറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തതാതെ മുന്‍ താരം ജോണ്‍ ബുക്യാനന്‍. രാജ്യാന്തര ക്രിക്കറ്റില്‍ 18000ത്തിലേറെ റണ്‍സ് നേടുകയും 49 സെഞ്ചുറി നേടുകയും ചെയ്തിട്ടും വാര്‍ണര്‍ അത്ര പോരാ എന്നാണ് ജോണിന്റെ വിലയിരുത്തല്‍. ഏകദിന ലോകകപ്പിന് ശേഷം 50 ഓവര്‍ ഫോര്‍മാറ്റില്‍ നിന്നും പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം ടെസ്റ്റില്‍ നിന്നും വാര്‍ണര്‍ അടുത്തിടെ വിരമിച്ചിരുന്നു.

എന്നാല്‍ ഓസീസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരുടെ പട്ടികയില്‍ എന്തായാലും ഡേവിഡ് വാര്‍ണര്‍ക്ക് സ്ഥാനമുണ്ട് എന്നാണ് കണക്കുകള്‍ കാട്ടുന്നത്. ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെയാണ് താരം ഓസീസിനായി അരങ്ങേറിയത്. 2011-2020ല്‍ ഐസിസിയുടെ പതിറ്റാണ്ടിലെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച വാര്‍ണര്‍, അലന്‍ ബോര്‍ഡര്‍ മെഡല്‍ മൂന്നുവട്ടം സ്വന്തമാക്കി. ഓപ്പണറായി കരിയറിന്റെ തുടക്കത്തില്‍ കാട്ടിയ അതേ അക്രമണോത്സുകത അവസാനകാലം വരെ തുടരാന്‍ കഴിഞ്ഞതാണ് വാര്‍ണറുടെ മറ്റൊരു സവിശേഷത. 112 ടെസ്റ്റ് മത്സരങ്ങളില്‍ 26 സെഞ്ചുറികളോടെ 8786 റണ്‍സും 161 ഏകദിനങ്ങളില്‍ 22 ശതകങ്ങളോടെ 6932 റണ്‍സും വാര്‍ണര്‍ക്കുണ്ട്. 99 രാജ്യാന്തര ട്വന്റി 20കളില്‍ ഒരു ശതകത്തോടെ 2894 റണ്‍സും ഡേവിഡ് വാര്‍ണര്‍ നേടി.

ഡേവിഡ് വാര്‍ണര്‍ കരിയറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ടെസ്റ്റില്‍ എണ്ണായിരത്തിലേറെ റണ്‍സ് നേടി. 100ലേറെ ടെസ്റ്റും 160 ഏകദിനങ്ങളും നൂറിനടുത്ത് രാജ്യാന്തര ടി20കളും കളിച്ചു. മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മോശമല്ലാത്ത ബാറ്റിംഗ് ശരാശരി താരത്തിനുണ്ട്. ബാറ്റിംഗ് ശൈലിയുടെ പ്രത്യേകത കാരണം വളരെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും കാണാം. പ്രകടനം പരിശോധിച്ചാല്‍ ഡേവിഡ് വാര്‍ണര്‍ മികച്ച താരമാണ്. എന്നാല്‍ ഗ്രേറ്റ് അല്ല. മറ്റാര്‍ക്കും താരതമ്യം ചെയ്യാന്‍ പറ്റാത്ത തരത്തില്‍ വിസ്മയ പ്രകടനം പുറത്തെടുക്കുന്നവരെയാണ് ഗ്രേറ്റ് എന്ന് വിശേഷിപ്പിക്കാറ്. ഡോണ്‍ ബ്രാഡ്മാനും ഗ്ലെന്‍ മഗ്രാത്തും ഷെയ്ന്‍ വോണും അത്തരത്തില്‍ മഹാന്‍മാരായ കളിക്കാരാണ് എന്നുമാണ് ഓസീസ് മുന്‍ താരവും ക്രിക്കറ്റ് പരിശീലകനുമായ ജോണ്‍ ബുക്യാനന്റെ വിലയിരുത്തല്‍.

Top