‘നിങ്ങളോടൊപ്പമുള്ള യാത്ര മികച്ചതായിരുന്നു’; ആരാധകരോട് വിടപറഞ്ഞ് വാര്‍ണര്‍

ദുബായ്: ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററും ഒരു കാലത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ നട്ടെല്ലുമായിരുന്ന ഡേവിഡ് വാര്‍ണര്‍ ടീമിനോട് വിടപറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പോടെയായിരുന്ന വാര്‍ണര്‍ ആരാധകരോട് വിട പറഞ്ഞത്. ‘മികച്ച യാത്ര’ എന്നായിരുന്നു വാര്‍ണര്‍ ഹൈദരാബാദിനൊപ്പമുള്ള കാലത്തെ വിശേഷിപ്പിച്ചത്.

ടീം തുടര്‍ച്ചയായി തോല്‍വികള്‍ വഴങ്ങിയപ്പോള്‍ വാര്‍ണറെ ഹൈദരാബാദിന്റെ നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. പിന്നാലെ ഫോമില്ലായ്മയുടെ പേരില്‍ താരത്തെ പ്ലേയിങ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഫേമില്ലായ്മക്കപ്പുറം ടീം മാനേജ്മെന്റും താരവും തമ്മില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

‘നിങ്ങള്‍ നല്‍കിയ ഓര്‍മ്മകള്‍ക്ക് നന്ദി. ഞങ്ങളുടെ ടീമിന് എല്ലായ്‌പ്പോഴും 100% നല്‍കുന്നതിനുള്ള പ്രധാന പ്രേരകശക്തി നിങ്ങളാണ്. നിങ്ങളുടെ പിന്തുണക്ക് എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ല. ഇതോരു മികച്ച യാത്രയായിരുന്നു. ഞാനും എന്റെ കുടുംബവും നിങ്ങളെ മിസ് ചെയ്യാന്‍ പോകുന്നു- വാര്‍ണര്‍ കുറിച്ചു.

2016 ല്‍ വാര്‍ണറുടെ നേതൃത്വത്തില്‍ സണ്‍റൈസേഴ്സ് ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അക്കൗണ്ടിലുള്ള അഞ്ചാമത്തെ ബാറ്റ്‌സ്മാനാണ് വാര്‍ണര്‍.

 

Top