ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഡേവിഡ് മില്ലര്‍ വിവാഹം നീട്ടിവെച്ചു; വെളിപ്പെടുത്തി വസീം അക്രം

ഇസ്‌ലാമാബാദ്: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ വിവാഹം നീട്ടിവെച്ചിരുന്നതായി വെളിപ്പെടുത്തി പാകിസ്താന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ബി.പി.എല്ലിലെ ഫോര്‍ച്യൂണ്‍ ബാരിഷല്‍ ടീമംഗമായ മില്ലറിനെ, ടീമിന്റെ അവസാന മൂന്ന് മത്സരങ്ങളില്‍ കളിപ്പിക്കുന്നതിനാണ് വിവാഹം നീട്ടിവയ്പ്പിച്ചത്. ഇതിനായി 1.24 കോടി രൂപ താരത്തിന് വാഗ്ദാനം ചെയ്‌തെന്നു വസീം പറഞ്ഞു.

ഫോര്‍ച്യൂണ്‍ ബാരിഷലിനുവേണ്ടി പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കാനാണ് മില്ലറിന് വന്‍ തുക വാഗ്ദാനം ചെയ്യുകയും വിവാഹം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്. മില്ലര്‍ എത്തിയതോടെ ടീം മൂന്ന് മത്സരങ്ങളും വിജയിക്കുകയും ടൂര്‍ണമെന്റ് വിജയികളാവുകയും ചെയ്തു. മൂന്ന് മത്സരങ്ങളില്‍നിന്നായി 47 റണ്‍സും ഒരു വിക്കറ്റുമാണ് മില്ലറിന് നേടാനായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരംകൂടിയാണ്.

ലീഗില്‍ ഫൈനലില്‍ ഫോര്‍ച്യൂണ്‍ ബാരിഷലാണ് ജയിച്ചത്. ലീഗ് കഴിഞ്ഞതിനു പിന്നാലെ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍വെച്ച് വിവാഹം ഗംഭീരമായി നടന്നു. ദീര്‍ഘകാല സുഹൃത്തായ കാമില ഹാരിസിനെയാണ് വിവാഹം ചെയ്തത്. മാര്‍ച്ച് പത്തിനായിരുന്നു വിവാഹം.

Top