David Cameron resigns: His highs and lows in power

ലണ്ടന്‍: ഡേവിഡ് കാമറൂണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാന്‍ സ്വന്തം ജനത തന്നെ വിധിയെഴുതിയ സാഹചര്യത്തിലാണ് ഡേവിഡ് കാമറൂണ്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജി പ്രഖ്യാപിച്ചെങ്കിലും മൂന്ന് മാസംകൂടി കാമറൂണ്‍ തത്സ്ഥാനത്ത് തുടരും. ഹിതപരിശോധനാ ഫലം പ്രതികൂലമായാല്‍ കാമറൂണ്‍ രാജി വെച്ചേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

ഇന്നലെ നടന്ന ഹിതപരിശോധനയില്‍ ‘വോട്ട് ചെയ്ത് പുറത്ത് പോകൂ’ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ബ്രിട്ടീഷ് ജനത വോട്ടു ചെയ്യുകയായിരുന്നു. ഇതോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ബ്രിട്ടന്റെ പുറത്തുപോകല്‍ അനിവാര്യമായത്. ബ്രെക്‌സിറ്റിനെ പിന്തുണച്ച് 51.8 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍.

ബ്രിട്ടന്റെ പുറത്തുപോകല്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയാണ്. ഇത്തരമൊരു ഹിതപരിശോധന തന്നെ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ 2014 ല്‍ ജനങ്ങളില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നുംവരെയുണ്ടായ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാമറൂണിന് വഴങ്ങേണ്ടി വന്നു. തുടര്‍ന്ന് 2015 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഹിതപരിശോധന നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ കാമറൂണ്‍ വിറ്റ്‌നിയിലെ ഓക്‌സ്‌ഫോര്‍ഡ് ഷെയറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. 2005 ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട നേതാവായ കാമറൂണ്‍ 2010 ലാണ് ആദ്യമായി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 2010 ലെ പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളും സംയുക്തമായി രൂപീകരിച്ച സര്‍ക്കാരിലാണ് കാമറൂണ്‍ ആദ്യമായി പ്രധാനമന്ത്രി പദം അലങ്കരിച്ചത്. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ച് കാമറൂണ്‍ തുടര്‍ച്ചയായ രണ്ടാം തവണയും പ്രധാനമന്ത്രി പദവിയിലെത്തി.

2015 ല്‍ അധികാരത്തിലേറാന്‍ കാമറൂണിലെ സഹായിച്ച വാഗ്ദാനമാണ് ഒടുവില്‍ അദ്ദേഹത്തിന്റെ രാജിയ്ക്കും കാരണമായിരിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നതില്‍ ഹിതപരിശോധന നടത്തുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. കാമറൂണിന്റെ അധികാരലബ്ധിക്ക് ഈ വാഗ്ദാനം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്.

അവസാന നിമിഷം വരെ ഹിതപരിശോധനാ ഫലം തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലായിരുന്നു കാമറൂണ്‍. യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വിധിയെഴുതണമെന്ന് വോട്ടെടുപ്പിന് തൊട്ടുമുന്‍പും അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

Top