മകളെ വെട്ടിക്കൊന്ന കേസ്: ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയുടെ നില ഗുരുതരം

ആലപ്പുഴ : മാവേലിക്കരയിൽ നാലു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വെച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ഭാഗത്തും ആഴത്തിൽ മുറിവുണ്ട്. സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മാവേലിക്കര സബ് ജയിലിൽ വെച്ച് ശ്രീ മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ഇന്നലെയാണ് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന നാല് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന ശ്രീമഹേഷ് സുനന്ദയെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി മകളെ കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്നാണ് പൊലീസ് പറയുന്നത്. പുനര്‍ വിവാഹം നടക്കാത്തതില്‍ ശ്രീമഹേഷ് നിരാശനായിരുന്നുവെന്നും എന്നാല്‍ സ്വന്തം മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് വിശദമാക്കി. മകന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.

 

Top