മകളുടെ ഭാവിയെക്കരുതി വീട്ടുകാര്‍ നല്‍കുന്നതും, സമ്മാനങ്ങളും സ്ത്രീധനമല്ലെന്ന് കോടതി

കൊച്ചി: വിവാഹത്തിന് നിര്‍ബന്ധ ബുദ്ധിയോടെ ആരും ആവശ്യപ്പെടാതെ വധുവിന് വീട്ടുകാര്‍ നല്‍കുന്നതും ചട്ടപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതുമായ സമ്മാനങ്ങള്‍ ‘സ്ത്രീധനം’ ആകില്ലെന്നു ഹൈക്കോടതി. സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത്തരം സമ്മാനങ്ങള്‍ ഉള്‍പ്പെടില്ലെന്നും, വിവാഹത്തോടനുബന്ധിച്ചു വധുവിനു നല്‍കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപ്പറ്റി എന്നു തെളിഞ്ഞാല്‍ മാത്രമേ സ്ത്രീധന നിരോധന ഓഫിസര്‍ക്ക് ഇടപെടാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

കൊല്ലത്തെ സ്ത്രീധന നിരോധന ഓഫിസറുടെ ഉത്തരവിനെതിരെ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണു ജസ്റ്റിസ് എം.ആര്‍.അനിതയുടെ ഉത്തരവ്. പരാതി കിട്ടിയാല്‍ പരിശോധിക്കാനും കക്ഷികളില്‍ നിന്നു തെളിവെടുത്ത് അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫിസര്‍ക്കു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.

സമ്മാനങ്ങള്‍ കൈപ്പറ്റിയതു മാറ്റാരെങ്കിലും ആണെന്നു കണ്ടാല്‍ ഇടപെടാം. സമ്മാനങ്ങള്‍ വധുവിനു കൈമാറിയിട്ടില്ലെന്നു ബോധ്യമായാല്‍ അതു കൈമാറണമെന്നു നിര്‍ദേശിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാര്‍ നല്‍കിയ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ നിയന്ത്രണത്തിലാണെന്നാരോപിച്ചു ഭാര്യ നല്‍കിയ പരാതിയില്‍ അവ തിരിച്ചു നല്‍കാന്‍ നിര്‍ദേശിച്ചതാണു ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്.

2020ലാണ് ഇരുവരും വിവാഹിതരായത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നു ഭാര്യ സ്ത്രീധന കേസുകളുമായി ബന്ധപ്പെട്ട നോഡല്‍ ഓഫിസര്‍ക്കു പരാതി നല്‍കി. തന്റെ ക്ഷേമത്തിനായി 55 പവന്റെ ആഭരണങ്ങളും ഭര്‍ത്താവിനു മാലയും നല്‍കിയെന്നാണു പരാതിയില്‍ പറയുന്നത്. ഇതു സ്ത്രീധനം നല്‍കിയതാണോ, ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നോ എന്നൊന്നും സ്ത്രീധന നിരോധന ഓഫിസറുടെ ഉത്തരവില്‍ വ്യക്തമല്ലെന്നു കോടതി വിലയിരുത്തി. സ്ത്രീധനം ആണോ എന്ന് അറിയാതെ തിരിച്ചു നല്‍കണമെന്ന് ഉത്തരവിടാനാവില്ലെന്നു വ്യക്തമാക്കിയ കോടതി, ഉത്തരവു റദ്ദാക്കി.

സ്ത്രീധന നിരോധന നിയമത്തിലെ മൂന്നാം വകുപ്പിലെ ഭേദഗതി പ്രകാരം വധുവിനോ വരനോ വിവാഹ വേളയില്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങിയത് ആകരുതെന്നും ചട്ടപ്രകാരം സമ്മാനങ്ങള്‍ ചേര്‍ക്കാന്‍ നിര്‍ദേശിക്കപ്പെടുന്ന ലിസ്റ്റ് സൂക്ഷിക്കണമെന്നും അതിന്റെ മൂല്യം കൊടുക്കുന്നതോ വാങ്ങുന്നതോ ആയ വ്യക്തിയുടെ സാമ്പത്തിക സ്ഥിതിക്ക് ആനുപാതികമാകണമെന്നുമുള്ള വ്യവസ്ഥകള്‍ ഇതിനു ബാധകമാണ്.

Top