ഗുരുതര രോഗം ബാധിച്ച് മകള്‍ ആശുപത്രിയില്‍; പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയുടെ നഴ്‌സിങ് ഹോസ്റ്റലിന് പിറകില്‍ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശി ചന്ദ്രബാബുവിനെ (45) ആണ് മരിച്ചത്. ഇയാളുടെ മകള്‍ ദേവു ചന്ദന എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന ഗുരുതര രോഗമാണ് ദേവുവിന്.

നൂറനാട് പുത്തന്‍വിള അമ്പലത്തിലെ ഉത്സവത്തിന് ചുവട് വച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ദേവു. അഞ്ച് ദിവസം മുമ്പാണ് ദേവു വീട്ടില്‍ കുഴഞ്ഞ് വീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതര രോഗബാധ കണ്ടെത്തിയത്. മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ രൂപ ചികിത്സയ്ക്കായി വേണ്ടി വന്നിരുന്നു.

മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്രബാബു. കുട്ടിയുടെ ചികിത്സയ്ക്ക് മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നാണ് ദേവു ചന്ദനയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്.

Top