എല്ലാ വിഷയത്തിലും എ പ്ലസ് നേടി മകള്‍, ഭാര്യയ്ക്ക് ഡോക്ടറേറ്റും; എംബി രാജേഷിന് ഇരട്ടി സന്തോഷം

പാലക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്, ഭാര്യയ്ക്ക് ഡോക്ടറേറ്റ്… ഇരട്ടി സന്തോഷം പങ്ക് വച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുന്നത് മഹാകാര്യമായിട്ട് തോന്നിയിട്ടില്ല. പക്ഷേ മകള്‍ക്ക് ഇത് പകരുന്ന സന്തോഷവും ആത്മവിശ്വാസവും ചെറുതല്ലെന്നും എംബി രാജേഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഒപ്പം ഇന്ത്യയില്‍ മറ്റെവിടെയും സാധ്യമാകാത്ത പ്രതികൂല സാഹചര്യത്തിലും കേരളത്തില്‍ കുറ്റമറ്റ നിലയില്‍ പരീക്ഷ നടത്തി റെക്കോഡ് വേഗത്തില്‍ ഫലം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാര്യക്ഷമതയ്ക്കും അഭിനന്ദനമെന്നും എംബി രാജേഷ് തന്റെ ഫെയ്‌സ് ബുക്കില്‍ കുറിക്കുന്നു.

ഫെയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

വളരെ വ്യക്തിപരമായ ഒരു സന്തോഷം നിങ്ങളുമായി പങ്കിടുകയാണ്. മൂത്ത മകള്‍ നിരഞ്ജനക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും ഏ പ്ലസ് ലഭിച്ചതാണത്. എല്ലാ വിഷയത്തിനും ഏ പ്ലസ് എന്നത് ഒരു മഹാകാര്യമായിട്ടൊന്നും ഒരിക്കലും തോന്നിയിട്ടില്ല. പരീക്ഷ, മാര്‍ക്ക് ,ഗ്രേഡ് എന്നീ അളവുകോലുകളുടെ പരിമിതികളെക്കുറിച്ചും ബോദ്ധ്യമുണ്ട്. അപ്പോഴും നിരഞ്ജനക്ക് ഇത് പകരുന്ന ആഹ്ലാദവും ആത്മവിശ്വാസവും ചെറുതല്ല എന്ന് തിരിച്ചറിയുന്നു.പാലക്കാട് പി.എം.ജി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് അവള്‍ പഠിച്ചത്. എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തകയും സ്‌കൂള്‍ ലീഡറുമാണ്. അതിനിടയിലും പഠനത്തില്‍ മികവ് പുലര്‍ത്തിയതില്‍ പഴയ SFI പ്രവര്‍ത്തകരായ എനിക്കും നിനിതക്കും പ്രത്യേക സന്തോഷമുണ്ട്.

അടുത്ത കാലത്തുണ്ടായ മറ്റൊരു സന്തോഷം നിനിതക്ക് ഡോക്ടറേറ്റ് ലഭിച്ചതാണ്. അദ്ധ്യാപക ജോലിയുടേയും വീട്ടുജോലിയുടേയും വലിയ പ്രാരാബ്ധങ്ങള്‍ക്കും മക്കളുടെ കാര്യങ്ങളെല്ലാം നോക്കേണ്ടതിനിടയിലുമായി കഠിനമായി പ്രയത്‌നിച്ചാണ് നിനിത ഗവേഷണം പുര്‍ത്തിയാക്കിയത്. പ്രൊഫ: കെ.പി.അപ്പന്റെ രചനകളെ മുന്‍നിര്‍ത്തി മലയാള സാഹിത്യത്തിലെ പ്രത്യയശാസ്ത്ര സമീപനങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. നിരഞ്ജനയുടെ പഠനത്തിലും പ്രധാന വഴികാട്ടി അമ്മ തന്നെ. എന്റെ വക പിന്തുണയും അത്യാവശ്യ ഘട്ടത്തിലെ സഹായവും മാത്രം. ഫോട്ടോയില്‍ നിരഞ്ജനക്കും നിനിതക്കുമൊപ്പമുള്ളത് ഇളയവള്‍ പ്രിയദത്ത. മണപ്പുള്ളിക്കാവ് ഗവ.എല്‍.പി.സ്‌കൂളില്‍ നാലാം ക്ലാസിലെ പാഠങ്ങള്‍ അവളിപ്പോള്‍ വീട്ടിലെ ടി.വിക്ക് മുന്നിലിരുന്ന് ഓണ്‍ലൈനായി പഠിക്കുന്നു.

എസ്. എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഒപ്പം ഇന്ത്യയില്‍ മറ്റെവിടെയും സാദ്ധ്യമാകാത്ത ,പ്രതികൂല സാഹചര്യത്തിലും കേരളത്തില്‍ കുറ്റമറ്റ നിലയില്‍ പരീക്ഷ നടത്തി റെക്കോഡ് വേഗത്തില്‍ ഫലം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാര്യക്ഷമതയ്ക്കും അഭിവാദനങ്ങള്‍.

Top