ഒളിച്ചോടിപ്പോയ മകള്‍ക്ക് ‘ആദരാഞ്ജലി’ അര്‍പ്പിച്ച് അമ്മ; നാടാകെ ഒട്ടിച്ചത് 100ലേറെ പോസ്റ്ററുകള്‍

ചെന്നൈ: കാമുകനൊപ്പം ഒളിച്ചോടിപ്പോയ മകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ നാടാകെ മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പതിപ്പിച്ച് അമ്മ. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. വീട്ടമ്മയായ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത്.

കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ അഭി (19) അയല്‍വാസിയായ കാമുകനൊപ്പം പോയി വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിലാണ് അമരാവതി ഇങ്ങനെ ചെയ്തത്. മൂന്ന് പെണ്‍മക്കളാണ് അമരാവതിക്ക്. ഇവരില്‍ രണ്ടാമത്തെയാളാണ് അഭി. ആഗസ്റ്റ് 14നാണ് അഭി അയല്‍വാസിയായ സന്തോഷിനെ വിവാഹം കഴിക്കുന്നത്. ഇതിന് പിന്നാലെ നാട്ടിലാകെ അഭിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് അമരാവതിയാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.

മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്. തുടര്‍ന്ന് ഇവ നാടിന്റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു. അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം.

ഭര്‍ത്താവ് മരിച്ചതിന് ശേഷം മക്കളെ വളര്‍ത്താന്‍ ഏറെ കഷ്ടപ്പെട്ട തനിക്ക് മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇത്തരം ഒരു കൃത്യത്തിന് മുതിര്‍ന്നതെന്നും അമരാവതി പറഞ്ഞു. ആദരാഞ്ജലി പോസ്റ്ററുകളെക്കുറിച്ച് സന്തോഷ് പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Top