തിരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ravath

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ കമ്മീഷന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. സംഭവത്തെ സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് കമ്മീഷന്‍ വിവരം തേടിയതായാണ് വിവരം.

ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയുടെ ട്വീറ്റാണ് വിവാദത്തിന് ഇടയാക്കിയത്. കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും  മുന്‍പ്  മാളവ്യ കര്‍ണാടകത്തിലെ തിരഞ്ഞെടുപ്പ് തീയതി ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.

സംഭവം വിവാദമായതോടെ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓംപ്രകാശ് റാവത്ത് അറിയിച്ചിരുന്നു. ഇതിനിടെ താന്‍ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കണ്ടാണ് ട്വീറ്റ് ചെയ്തതെന്നും മാത്രമല്ല സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവും ഇതേ സമയം ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും അമിത് മാളവ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top