data traveller 2000 kingston flash drive

ഡേറ്റട്രാവലര്‍ 2000 എന്ന പേരില്‍ കീപാഡും പിന്‍ (PIN) സംരക്ഷണവുമുള്ള യുഎസ്ബി ഫ്‌ളാഷ് ഡ്രൈവ് കിങ്സ്റ്റണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. യുഎസ്ബി 3.1 ഡ്രൈവാണ് ഡേറ്റാട്രാവലര്‍ 2000.

ഡേറ്റ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഈ ഫ്‌ളാഷ് ഡ്രൈവ് 16ജിബി, 32 ജിബി, 64ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ലഭിക്കും. ഇവയ്ക്ക് യഥാക്രമം 10,000 രൂപ, 14,000 രൂപ, 18,000 രൂപ എന്നിങ്ങനെയാണ് വില.

ഹാര്‍ഡ് വെയര്‍ എന്‍ക്രിപ്ഷനൊപ്പം PIN പ്രൊട്ടക്ഷനും ഉറപ്പുനല്‍കുന്ന സ്റ്റോറേജ് ഉപകരണമാണ് ഡേറ്റട്രാവലര്‍ 2000. പാസ് വേഡ് ഉപയോഗിച്ച് ഡ്രൈവ് എളുപ്പത്തില്‍ ലോക്ക് ചെയ്യാന്‍ അതിലെ ആല്‍ഫന്യൂമറിക് കീപാഡ് ( Alphanumeric keypad ) സഹായിക്കും.

ആരെങ്കിലും തെറ്റായ പാസ്‌വേഡ് ഉപയോഗിച്ച് കടന്നുകയറാന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെടുത്താനും ഡ്രൈവില്‍ സംവിധാനമുണ്ട്. തുടര്‍ച്ചയായി 10 തവണ ലോഗിന്‍ ശ്രമം വിജയിക്കാതെ വന്നാല്‍, ഡ്രൈവിലെ ഡേറ്റ സ്വയം നശിക്കും. ഓട്ടോമാറ്റിക്കായി ലോക്ക് ആകാനുള്ള സംവിധാനവും ഡ്രൈവിലുണ്ട്.

കമ്പ്യൂട്ടര്‍ പോലെ ഏതെങ്കിലും ഉപകരണത്തില്‍ നിന്ന് ഡ്രൈവ് വേര്‍പെടുത്തിയാലുടന്‍ അത് സ്വയം ലോക്ക് ആകും. ഫുള്‍ഡിസ്‌ക് എഇഎസ് 256ബിറ്റ് ഹാര്‍ഡ്വേര്‍ അധിഷ്ഠിത എന്‍ക്രിപ്ഷനാണ് ഈ ഡ്രൈവിലുള്ളത്. ഓണ്‍ലൈന്‍, റീടെയ്ല്‍ ഷോപ്പുകളില്‍ നിന്ന് ഡേറ്റട്രാവലര്‍ 2000 വാങ്ങാം.

Top