വിവരങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ലോക നേതൃത്വത്തിലേയ്ക്ക് ഉയരുന്നതിന് രാജ്യത്തെ ഐടി മേഖല അവസരമൊരുക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാങ്കേതിക വിദഗ്ധരുടെ സേവനം കോവിഡ് 19 മഹാമാരിയുടെ കാലത്ത് വലിയ പ്രചോദനമായെന്നും മോദി അഭിപ്രായപ്പെട്ടു. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വേര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റെ പുതിയ നയം പ്രകാരം, സര്‍വേ ഓഫ് ഇന്ത്യ, ഐഎസ്ആര്‍ഒ തുടങ്ങിയവയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വകാര്യ-പൊതു ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഇപ്പോള്‍ ലഭ്യമാകും. സാങ്കേതികവിദ്യ ഇപ്പോള്‍ സാധാരണ പൗരനെയും ശാക്തീകരിച്ചിരിക്കുകയാണ്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. വിവരങ്ങള്‍ ജനാധിപത്യവത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മോദി ചൂണ്ടിക്കാട്ടി.

ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ഉദാരമായി ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണകരമായി. ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന വലിയ ആശങ്ക സുരക്ഷയെ സംബന്ധിച്ചായിരുന്നു. എന്നാല്‍ നമ്മുടെ അതിര്‍ത്തികളെ സംബന്ധിച്ച് ഇന്ത്യയ്ക്ക് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നയം ഉദാരമാക്കിയതോടെ സ്വകാര്യ കമ്പനികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ സര്‍വേയും മാപ്പിങ്ങും നടത്താന്‍ സാധിക്കും. ഗതാഗതം, ചരക്ക് നീക്കം, റോഡ് സുരക്ഷ, ഇ-കൊമേഴ്സ് എന്നിങ്ങനെ ദൈനംദിന ഉപയോഗത്തിനുള്ള സാങ്കേതികവിദ്യകള്‍ക്കായി ഇവയെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

Top