ഫേസ്ബുക്കിലെ 29 മില്യൺ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു

ഫേസ്ബുക്കിൽ നിന്നും ചോർന്നത് 29 മില്യൺ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ. ഫേസ്ബുക് ഉപഭോക്താവിൻറെ സുഹൃത്തുക്കളിൽ നിന്ന് ഒരു ഓട്ടോമേറ്റഡ് പ്രോഗ്രാം വഴിയാണ് വിവരങ്ങൾ ചോർന്നതെന്ന് വെള്ളിയാഴ്ച ഫേസ്ബുക് വെളിപ്പെടുത്തി.

ഇത് ഏറ്റവും വലിയ ഒരു സൈബർ ഹാക്കിങ് ആയിരുന്നു എന്നും, സംഭവത്തെ തുടർന്ന് ഏതാണ്ട് 50 മില്യൺ ആളുകളെ ഇത് ബാധിച്ചിട്ടുണ്ടാകും എന്നാണ് ഫേസ്ബുക് പറയുന്നത്. വരുന്ന ദിവസങ്ങളിൽ ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിട്ട അക്കൗണ്ടുകളുടെ ഉപഭോക്താക്കളോട്, അവരുടെ എന്തൊക്കെ വിവരങ്ങളാണ് ചോർന്നതെന്ന് വെളിപ്പെടുത്തുമെന്നു ഫേസ്ബുക് പറഞ്ഞു. ആക്രമണം നേരിട്ട അക്കൗണ്ടുകൾക്ക് ഫിഷിങ് സ്വകാര്യത നഷ്ടപ്പെടൽ തുടങ്ങിയ പലതരത്തിലുള്ള സൈബർ സെക്യൂരിറ്റി പ്രശ്നങ്ങളും നേരിടേണ്ടി വരുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

14 മില്യൺ ഉപഭോക്താക്കളിൽ നിന്ന്, ജനന തീയതി, ഉദ്യോഗം, വിദ്യാഭ്യാസം, മതം, ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ഡിവൈസുകൾ, ഫോളോ ചെയ്യുന്ന പേജുകൾ, അടുത്തിടെ നടത്തിയ തിരച്ചിൽ, ലൊക്കേഷൻ വിവരങ്ങൾ എന്നിവ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. ഇത് കൂടാതെ, മറ്റു 15 മില്യൺ ആളുകളിൽ നിന്ന് അവരുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഏതാണ്ട് 400000 ഉപഭോക്താക്കളുടെ പോസ്റ്റുകളും അവരുടെ ഫേസ്ബുക് സുഹൃത്തുക്കളും അവർ അംഗങ്ങളായുള്ള ഗ്രൂപ്പുകളുടെ വിവരങ്ങളും ഒക്കെ മോഷ്ട്ടാക്കൾക്ക് കാണാൻ സാധിക്കും. വിവരങ്ങൾ സംരക്ഷിക്കപെടാൻ മതിയായ നടപടികൾ ഫേസ്ബുക് സ്വീകരിക്കുന്നില്ല എന്നത് നിയമനിർമാതാക്കളെയും നിക്ഷേപകരെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് എപ്പോഴും ലോഗ്ഗ് ഇന്‍ ആയിരിക്കാന്‍ സഹായിക്കുന്ന ‘ആക്സസ് ടോക്കന്‍’ സംവിധാനത്തിലെ തകരാറുകൾ മുതലെടുത്താണ് ഹാക്കര്‍മാര്‍ വിവരങ്ങൾ ചോർത്തിയത്. ഇത് അന്വേഷിക്കാനായി വിവിധ ഏജൻസികളുടെ സഹായം തേടുമെന്ന് ഫേസ്ബുക് അറിയിച്ചിട്ടുണ്ട്.

Top