നാടോടിക്കാറ്റിലെ ദാസനും വിജയനും അറബി വേഷത്തിലെത്തിയ ക്രൗണ്‍ പ്ലാസ പൂട്ടുന്നു

ചെന്നൈ: ചെന്നൈ നഗരത്തിലെ പ്രമുഖ നക്ഷത്ര ഹോട്ടല്‍ ക്രൗണ്‍ പ്ലാസ (അഡയാര്‍ പാര്‍ക്ക്) പൂട്ടുന്നു. 38 വര്‍ഷമായി നഗരത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ഹോട്ടലാണ് പൂട്ടുന്നത്. ‘നാടോടിക്കാറ്റ്’ സിനിമയില്‍ ക്രൗണ്‍പ്ലാസയും ഒരു ലൊക്കേഷനാണ് -മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച ദാസനും വിജയനും അറബിവേഷത്തിലെത്തുന്ന സ്ഥലം. ഏതാനും തമിഴ് സിനിമകളും ഹോട്ടല്‍ ചിത്രീകരിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് ഹോട്ടല്‍ പൂട്ടുന്ന വിവരം അധികൃതര്‍ അറിയിച്ചത്. ഡിസംബര്‍ 20-ന് ഹോട്ടല്‍വാതിലുകള്‍ അതിഥികള്‍ക്കുമുന്നില്‍ അടയും. 16-ന് അംഗത്വം അവസാനിക്കും. 1981-ല്‍ ഹോളിഡേ ഇന്‍ എന്നപേരില്‍ ടി.ടി. വാസു എന്ന വ്യവസായിയാണ് ഹോട്ടല്‍ ആരംഭിച്ചത്. പിന്നീട് അഡയാര്‍ ഗേറ്റ് എന്ന് പേരുമാറ്റി. പിന്നീട് ഹോട്ടല്‍- വസ്ത്രകയറ്റുമതി സ്ഥാപനമായ ഗോയല്‍സ് വാങ്ങി. അതിനുശേഷം ഐ.ടി.സി.യുടെ നിയന്ത്രണത്തിലുള്ള പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടല്‍സ് സ്വന്തമാക്കി. അതിനിടെ ഐ.ടി.സി. ഗ്രൂപ്പ് ഗ്രാന്‍ഡ് ചോള ഹോട്ടല്‍ നിര്‍മിച്ചതോടെ ക്രൗണ്‍പ്ലാസ ചെന്നൈ അഡയാര്‍ പാര്‍ക്ക് എന്ന് പേരുമാറ്റുകയായിരുന്നു.

ക്രൗണ്‍ പ്ലാസയില്‍ 287 മുറികളാണുള്ളത്. ക്രൗണ്‍ പ്ലാസ നിന്നിടത്ത് ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ ഉയരും. കേരളീയഭക്ഷണം ഉള്‍പ്പെടെ വിളമ്പുന്ന ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ബാഷ്യം ഗ്രൂപ്പാണ് നിര്‍മാണം. ഏകദേശം 130 അപ്പാര്‍ട്ടുമെന്റുകളുള്ള താമസമേഖലയാക്കി വികസിപ്പിക്കാനാണ് നീക്കം. ഓരോ ഫ്‌ളാറ്റിനും 5,000 മുതല്‍ 7,000 വരെ ചതുരശ്ര അടി വലുപ്പമുണ്ടാവും. ഒരു ഫ്‌ളാറ്റിന് 15 കോടി മുതല്‍ 21 കോടി രൂപവരെ വിലവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top